എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

അഗ്നിസായകങ്ങൾ (കവിത)..

അഗ്നിസായകങ്ങൾ...

മൃത്യു ഉഴിഞ്ഞൊരെൻ ശ്രാദ്ധമുണ്ണാൻ
നിരയൊത്ത് അമരും കഴുകുകൾ
തുടിക്കും വാഗിന്ദ്രിയംകടയാൻ കൃപാണ-
മുരയ്ക്കുമനേകം ഔഗ്ര്യരൗദ്രതകൾ
കുടിലതയുടെ ഇഴപിരിയും ചെങ്കണ്ണുകൾ
ഇരതിരയും വിൺകഴുകുപോൽ
നിണക്കൊതിയാൽ വരണ്ട നാവുനീട്ടി
ചുണ്ടുനനയ്ക്കും നഗരചാമുണ്ഡികൾ

ഇന്നിവിടെതളച്ചിടപ്പെട്ടതെല്ലാം
ഇന്നലെകളുടെ പുരാകൃതനിയോഗങ്ങൾ
നാളെ, മറവിയുടെ മാറാലചാർത്തുമൊരു
ചിതൽകരണ്ട ചിതറിയവർണ്ണം
കാലം ചിതകൂട്ടിവെച്ച നൊമ്പരങ്ങൾ
ഞാനറിയാതെപോയതും അതുതന്നെ
നിറമാർന്ന പ്രഭാതങ്ങളും സന്ധ്യകളും
എന്നിൽ ഇരുണ്ട് പോയിരിക്കുന്നു

ഹൃദയം കൊടുത്തവൻ നീട്ടിയൊരുവഴിയിൽ
ഒളിവാർന്ന വിഷദന്തങ്ങൾ
ചികഞ്ഞു നോക്കാനാകാത്തവണ്ണം
കൺകളിൽ കറുപ്പുചാലിച്ചിരുന്നുവോ
പ്രിയമോടവനേകിയ സുഖദകാമനകളെല്ലാം
പാൽ മധുരമെന്നേ കരുതിയുള്ളു
കണ്ണുകൾ കരളാലൂറ്റിയെടുത്തൊരനുകൻ
അരിഞ്ഞുനീട്ടിയതെത്രപേർക്ക്

അവരിലാകെയും ഒരേമുഖമായിരുന്നു
കാമം പുരണ്ടചിരിയിൽ രക്തവർണ്ണവും
വെറിപൂണ്ടചെന്നായ്ക്കളുടെ ചിരിയിൽ
നിർദ്ദാരിതമെൻ തലച്ചോറുതകരുന്നു
ദംഷ്ട്രകൾ നീട്ടും നഗ്നധ്വജോത്ഥാനികൾ
കുടിലനൃത്തം ആടിതിമിർക്കവേ
സോമചഷകം പകരുമൊരുന്മദവീര്യം
പലവുരു തലയിൽ അഗ്നിയേറ്റുന്നു

കുശപം പകുത്ത് ആർത്തിയിൽ ഭുജിപ്പവർ
കർണ്ണംകെട്ടി ശിരസ്സുകുടയവെ
ഊഴം കാത്തുനില്പ്പവരോ പരിഭഗ്നജഡങ്ങളിൽ
ഊർജ്ജമൊഴുക്കാൻ ചൂടേറ്റുന്നു
പ്രണയം മധുവായുണർന്നൊരെൻ
ഭൂതകാലത്തിന്റെ കല്‌പ്പടവുകളിലൊന്നിൽ
എവിടെയാണെന്റെ ചിന്തകൾ ഇഴപൊട്ടിയത്
കാലത്തിന്റെ തിരിച്ചറിവുകളും

അറിവുപകർന്നവർ ചൊന്നതൊന്നും
കാലംകുറിച്ച പാഠങ്ങളാണെന്നതറിഞ്ഞീല
ചിരഭൃതമെൻ ഹൃദയനാദങ്ങളിൽ
കനലുനിറച്ചവൻ ഗൂഢമായ് ചിരിയ്ക്കുന്നു
കൺകളിൽ കണ്ടതൊക്കെയും
രതിഗന്ധകാമതൃഷിതങ്ങളായിരുന്നെങ്കിലും
കപടമൊരു ഹൃദയമേകിയെൻ
സ്വപ്നങ്ങളൊക്കെയും വിലക്കെടുത്തിരുന്നു

പരിധൂപിതമീ നക്ഷത്രസൗധത്തിൽ
കുളിരുപെയ്യും വെൺപട്ടുതല്പ്പങ്ങളിൽ
വിവൃതമെൻ ഇന്ദ്രിയങ്ങളിൽ പൊടിഞ്ഞത്
രക്തം പുരണ്ട വിയർപ്പുകണങ്ങൾ മാത്രം
കറുത്ത രതിയുടെ അസംഖ്യം വഴികളിൽ
അവശേഷപ്രജ്ഞയും ഉടയുമ്പോൾ
നിറമടർന്ന ചിന്തകുറുകുന്നൊരെൻ
കാഴ്ച്ചകൾചുറ്റും പരതിനടന്നിരുന്നു
*********************************

6 അഭിപ്രായങ്ങൾ:

 1. ഉത്ഘടിച്ചു... ഉത്ഘടിച്ചു... ഞാന്‍ മടുത്തു... എന്ത് ചെയ്യാനാ എന്റെ വിധി.... :)

  നല്ല വരികള്‍.... നല്ല ചിന്തകള്‍... കുത്തിക്കുറിച്ച കുറെ ആധുനിക കവിതകള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന നല്ലൊരു കവിത.... ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 2. Good poems.
  Make sure to write the label always.
  Don't give 'Kavitha' as the title of the post (pls check the blog archive why I am saying so.)

  Please remove the word verification also.

  മറുപടിഇല്ലാതാക്കൂ
 3. കണ്ണാ.. ഞാന്‍ അശക്തനാണ് ഒരു അഭിപ്രായത്തിനു. പല വാക്കുകളും എനിക്ക് പുതിയത് തന്നെ. എങ്കിലും മനസ്സിലാക്കാന്‍ പറ്റിയത് പറയട്ടെ.. ഇഷ്ടപ്പെട്ടു.. ( എന്നെ dictionaray വാങ്ങിപ്പിച്ച്ച്ചേ അടങ്ങൂ അല്ലെ.. )

  മറുപടിഇല്ലാതാക്കൂ
 4. ഇഷ്ടായി കവിത.. പല ആവര്‍ത്തി വായിച്ചു.. വാക്കുകളുടെ അര്‍ത്ഥം തേടി കുറച്ചലഞ്ഞു.. കഷ്ടപ്പെടുത്തിയാലേ സമാധാനാവൂല്ലേ.. :)

  മറുപടിഇല്ലാതാക്കൂ
 5. എല്ലാ കൂട്ടുകാർക്കും പ്രണാമങ്ങൾ.....ആ സ്നേഹത്തോടേയുള്ള അഭിപ്രായങ്ങളേ മാനിക്കുകയും എന്നിലെ തെറ്റ് തിരുത്തുകയും ചെയ്യുന്നു.....ഒപ്പം എനിക്കിവിടേ സാങ്കേതികമായ പോരായ്മയുടേ അഭിപ്രായം പ്രകടിപ്പിച്ച ശ്രീ സാബുവിന് അകൈതവമായ നന്ദി അറിയിക്കുന്നു....സ്നേഹവും...........!!!

  മറുപടിഇല്ലാതാക്കൂ
 6. പുതിയ കുറെ വാക്കുകള്‍ ഈ കവിതയിലുണ്ട് അത് കൊണ്ട് അക്ഷരങ്ങളെ അന്യമായ കൊമ്പന്‍ ഇവിടെ പരാജിതന്‍ ആണ്

  മറുപടിഇല്ലാതാക്കൂ