എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

മരയാണി (കവിത)

മരയാണി..

കൂലിക്കു കാമം തിളക്കുന്ന ചുടലപ്പറമ്പുകൾ
വെള്ളിവിളക്കുകൾ ചൂഴ്ന്നിറങ്ങും
വെട്ടത്തിൽ ചിരിച്ചും വിളറിയ കറുപ്പിൽ
സംഹാരമാടിയും തിമിർക്കുന്ന തൃഷ്ണകൾ

വിരലാൽ ഉഴിയാനൊരു ബന്ധവും തികയാത്ത
പുരുഷ കാമങ്ങളിൽ അഞ്ചും അറുപതും ഏകം.
ചിതറും കണ്ണാടികൾ, വിളറിയ
ഗദ്ഗദങ്ങളാകുന്നു കന്യകാത്വങ്ങൾ
എവിടെ എന്നറിയാത്ത രക്ഷനേടാൻ
ഇടം വലം കണ്ണുചുഴറ്റി ഇരുട്ടിൽ തപ്പുന്നു

കുരുട് ചുമക്കും കൂർത്ത മുഴക്കങ്ങളിൽ
വിലപേശി വീണ്ടുമുടയ്ക്കുന്ന കുരുന്നു നിലവിളികൾ.
ഒടിഞ്ഞുനിലമടിഞ്ഞ മരക്കുരിശ്ശിന്നരുകിൽ
നെഞ്ചുതുരന്നുവീണ ശൂന്യതയുടെ
പൊട്ടിയൊരു ഹൃദയത്തുണ്ട് മാത്രം
വളുത്ത വസ്ത്രത്തിനുള്ളിൽ കറുത്ത ഹൃദയങ്ങളാൽ
ചുമരിലേക്ക് വീണ്ടും ആണിയടിച്ചുകയറ്റുന്നു
പകുതിയൊടിഞ്ഞ പഴയ മരക്കുരിശ്...
*********************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ