എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

കേരളം...മലയാളം..

കേരളം...മലയാളം..

          മലയാളം എന്ന വാക്ക് ആരംഭത്തിൽ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അർത്ഥത്തിലാണ്‌ നാം മലയാളഭാഷ എന്ന് പറയാറുള്ളത്; ദേശത്തിന്‌ മലയാളം എന്നും .ഭാഷക്ക് മലയാണ്മ അല്ലെങ്കിൽ മലയായ്‌മ എന്നും ഒരു വിവേചനമുണ്ടായിരുന്നത് ക്രമേണനഷ്ടമായി.ആധുനിക മലയാളത്തിന്റെ ആവിർഭാവത്തോടുകൂടിയാണ്‌ ദേശനാമംതന്നെ ഭാഷക്കും ഉപയോഗിക്കാൻ തുടങ്ങിയത്.അതിനാൽ ഇപ്പോൾ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലർ അർത്ഥം ഗ്രഹിക്കാറുണ്ട്.മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു.തിരുവിതാംകൂർ,കൊച്ചി,മലബാർ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡ്ത്തിനാണ്‌ ഇപ്പോൾ ഇപ്പേർ. നാട്ടുകാരായ തമിഴർ പാണ്ടിക്കും മധുരക്കും പടിഞ്ഞാറു കിടക്കുന്ന മലം പ്രദേശത്തിന്‌ ‘മലനാട്’ എന്നു പേർ പറഞ്ഞുവന്നു.പശ്ചിമഘട്ടം എന്ന പർവ്വതപംങ്ങ്തിയുടെ പടിഞ്ഞാറുവശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കാം . ആര്യാവർത്തത്തിൽനിന്നുതെക്കോട്ടു കടന്നുവന്നവർ ഈ ഭൂമിക്കു് ‘കേരളം’എന്ന് സംജ്ഞചെയ്തു.കേരം എന്നു പറയുന്ന നാളീകേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേർ സൂചിപ്പിക്കുന്നു. ഇതിന്റെ അതിർത്തികൾ “കന്യാകുമാരി മുതൽ ഗോകർണ്ണപര്യന്തം” എന്നാണ്‌ വച്ചിട്ടുള്ളത്. പുരാണസിദ്ധിപ്രകാരം സംസ്കൃതത്തിൽ ഈ ദേശത്തെ “ഭാർഗ്ഗവക്ഷേത്രം” എന്നും വ്യവഹരിക്കാറുണ്ട്. മറുദേശങ്ങളിൽനിനു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയർ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങൾക്കു പൊതുവേ ‘മലബാർ’അല്ലെങ്കിൽ ‘മലിബാർ’ എന്നു പേർ പറഞ്ഞുവന്നു. ഈ വിഭാഗത്തിൽ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാർ തമിഴ്ഭാഷക്കുകൂടി മലബാർ എന്ന പേർ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ ‘ദിമിലികെ’ എന്നാക്കി ഗ്രീക്കുകാർ ഈ നാട്ടിനു പേർ കൊടുത്തിരുന്നു.
“തൊല്കാപ്പിയം” എന്ന തമിഴ്ഗ്രന്ഥപ്രകാരം സംസ്കൃതത്തിൽ ‘കേരളം“ എന്നുപറഞ്ഞുവരുന്ന ’ചേര‘രാജ്യത്തിനു,1.വേണാട്,2.പൂഴിനാട്,3.കർക്കാനാട്,4.ചിതനാട്,5.കുട്ടനാട്,6.കുടനാട്,7.മലയാനാട്..എന്നു ഏഴു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ കുട്ടനാട് എന്ന പേർ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകൾക്കു ഇന്നും പറഞ്ഞുവരുന്നുണ്ട്. ”വേണാട്“ എന്നത് ആദികാലത്ത് ഇടവാമുതൽ തെക്കോട്ട്മാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പേർ ആയിരുന്നു. ഏറെകുറെ ചേര രാജ്യത്തിനുതന്നെ ആണു തമിഴിലെ അർവ്വാചീനഗ്രന്ഥ്കാരന്മാർ ’മലെനാട്‘ അല്ലെങ്കിൽ ’മലെമണ്ഡലം” എന്നു പേരിട്ടത്.ഒരുകാലത്ത് സേലം,കോയം പുത്തൂർ എന്ന ഇപ്പോഴത്തെ രണ്ടുജില്ലകളും ചേരരാജക്കന്മാരുടെ കീഴിലായിരുന്നു.
മലെനാടായ മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു.എന്നാൽ എല്ലാകാലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി,നാടോടിഭ്യാഷ അല്ലെങ്കിൽ വായ്മൊഴി എന്ന് ഒരു വ്യത്യാസം എല്ലാ ജീവിതഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥ്ഭാഷയ്ക്ക് “ചെന്തമിഴ്” എന്നും നാടോടിഭാഷയ്ക്ക് “കൊടുംതമിഴെന്നും” ആണ്‌ തമിഴ് ഗ്രന്ഥകാരന്മാർ പേരിട്ടിരിക്കുന്നത്. പലവക കൊടുംതമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണ്‌ നമ്മുടെ മലയാളമായി തീർന്നത്.ഇപ്പോഴത്തെ നിലയിൽ സംസ്കൃതതിന്റെ മണിയം പലതും മലയാളഭാഷയിൽ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേല്പ്പുരയും ഇന്നും തമിഴ് പ്രതിഷ്ടിച്ചിട്ടുള്ളത് തന്നെയാണ്‌. വിശേഷവിധികളൊനും ഉള്ളിലേക്കു തട്ടിയിട്ടില്ല.
മലയാളത്തിന്റെ പ്രാഗ്‌രൂപം കൊടുംതമിഴാണെന്നുപറഞ്ഞല്ലോ.ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തിൽ ഉൾപ്പെട്ടതാണെനു തീർച്ചപ്പെടുത്തേണ്ടതുണ്ട്. തമിഴ് ‘ദ്രാവിഡം’ എന്നൊരു പ്രത്യേക കുടുംബത്തിൽ ഉൾപെട്ടഭാഷയാണ്‌.ആകുടുംബത്തിലെ അംഗങ്ങളെ ഇവിടെ ചേർക്കുന്നു.
1.കർണ്ണാടകം. 2.തമിഴ്,മലയാളം.3.തുളു, കൊടക്, തോഡാ, കോഡാ. 4. കുറുക്, മാൽട്ടോ. 5. ഗോണ്ഡി, ഗോണ്ഡ(കൂയി). 6 തെലുങ്ക്. 7.ബ്രാഹൂയി.

ചിങ്ങം,‘കഞ്ഞി’,തുലാം....

         ചിങ്ങം,‘കഞ്ഞി’,തുലാം....കഞ്ഞിയോ....?..അവതാരകന്റെ ചോദ്യം, 'ങാ...അതെ കഞ്ഞി'....പിന്നെ കുറച്ച് നേരം തന്റെ അല്പബുദ്ധിയിലൊന്ന് പരതിയിട്ട്...വീണ്ടും ആദ്യം മുതൽ മൊഴിഞ്ഞു തുടങ്ങി....'ചിങ്ങം,കഞ്ഞി,തുലാം....ജൂൺ,ജൂലായ്,ആഗസ്റ്റ്....'പിന്നെയും വഴിമുട്ടി...പതുക്കെ അവതാരകൻ മൈക്കുമായി വലിഞ്ഞു....ഇതൊരു എഞ്ചിനീയറിങ്ങ് കോളേജിലെ പഠിതാക്കളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടിയിൽ നിന്നും കാഴ്ചയിലേക്കിറങ്ങിവന്ന് എനിക്ക് പറഞ്ഞറിയിക്കാനാകാത്ത ആനന്ദാനുഭൂതി നല്കിയ ഒന്നായിരുന്നു....മലയാളത്തിലെ 12 മാസങ്ങൾ അറിയില്ല എന്നതുപോട്ടെ,കാരണം എല്ലാം ഇംഗ്ളിഷിൽ ചവച്ചു തുപ്പിയേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന ഒരു സമൂഹത്തിലായതുകൊണ്ട് ഒരുപാടൊന്നും പ്രതീക്ഷക്കു വകയില്ല..(മാമ്പഴത്തെക്കുറിച്ച് ഒർക്കുമ്പോൾ വീണ്ടും വീണ്ടും മധുരിക്കുന്നത് വിസ്മരിക്കുന്നില്ല).എങ്കിലും കന്നിമാസം എന്നതു കഞ്ഞിയാക്കിയ ആ മഹാന്റെ ആടയാഭരണങ്ങളും ഒന്നു കാണേണ്ടതുതന്നെയായിരുന്നു....ഒരു ഉളുപ്പുമില്ലാതെ പറയുമ്പോഴും ,അദ്ദേഹത്തിന്റെ തിരുവസ്ത്രാവതാരം ...അപാരം തന്നെ തൊലിക്കട്ടി...തലയിലും താടിയുടെ അറ്റത്തും കുറച്ച് പശപുരട്ടിയിട്ട് ചകിരിക്കൂട്ടിൽ ചെന്ന് ചാടിയാൽ എങ്ങിനെയുണ്ടാകും അതും ഒരുമാസത്തിനുശേഷം കുഴിമാടത്തിൽനിന്നും എഴുന്നേറ്റ് വന്ന ഒരു രൂപം അതിനൊരു കൂളിംഗ്ളാസും,സാല്‌വാർ കമ്മീസും.....ജീവജാലങ്ങളിലൊരു സൃഷ്ടിയേയും ഇകഴ്തി ചിന്തിക്കുകയോ,സംസാരിക്കുകയോ ചെയ്യുന്നത് കൊടിയപാപമാണെന്ന് വിശ്വസിക്കുന്ന ഒരു എളിയ ജന്മമാണ്‌ ഞാൻ....പക്ഷെ ആ കാഴ്ച കണ്ടപ്പോൾ...സത്യമായും എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ വലിയ പാപമായിരിക്കും....രണ്ടുതരതിൽ നമുക്ക് സമൂഹത്തിന്റെ ശ്രദ്ധ നമ്മിലേക്ക് ആകർഷിക്കാം, കണ്ടാൽ കണ്ണുകൾക്കു കുളിരായും,കേട്ടാൽ കാതുകൾക്ക് ഇമ്പമായും,അടുത്തുവന്നാൽ സുഗന്ധവാഹിയായ കാറ്റായും....മറിച്ചും ശ്രദ്ധിക്കപ്പെടും പക്ഷെ അത് നമ്മുടെ പരിസരത്ത് ചീഞ്ഞ് നാറുന്ന മാലിന്യകൂമ്പാരമായി മാറുമ്പോഴാണെന്ന് മാത്രം, ഓർമ്മയില്പോലും ഓക്കാനിക്കാൻ തോന്നുന്ന ഒരു വൃത്തിഹീനത....സത്യത്തിൽ അങ്ങിനെയൊരു ചിന്തതന്നെയായിരുന്നു ആ കാഴ്ച.....ഇതു വായിക്കുന്ന ഏതെങ്കിലും ഒരു സുഹൃത്ത് ആ കാഴ്ചകണ്ടിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടെങ്കിൽ എന്നെ ഏതുതരത്തിൽ വിമർശിച്ചാലും ഞാൻ സസന്തോഷം സ്വീകരിക്കും....

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

പ്രപഞ്ചവും ഞാനും .....

പ്രപഞ്ചവും ഞാനും .....
      ബ്രഹ്മാണ്ഡം ഒന്നേയുള്ളു അതിനെയാണ്‌ നമ്മൾ പരബ്രഹ്മം അഥവാ ബ്രഹ്മാണ്ഡം എന്നു വിളിക്കുന്നത്. നമ്മുടെ ഗ്യാലക്സിയായ മില്കിവേ (ക്ഷീരപഥം) ഗ്യാലക്സിയിൽ ഏകദേശം നാല്പതിനായിരം കോടി നക്ഷത്രങ്ങൾ ഉണ്ട് അതിലെ സാധാരണക്കാരനായ ഒരു നക്ഷത്രമാണ്‌ നമ്മുടെ സൂര്യൻ.ഗ്യാലക്സിയിൽ നമ്മുടെ സൂര്യന്റെ സ്ഥാനം എന്നുപറയുന്നത് തന്റെ കേന്ദ്രത്തിൽനിന്നും ഏകദേശം 24,000 മുതൽ 26,000 പ്രകാശവർഷങ്ങൾ  അകലേയാണ്‌ (പ്രകാശവർഷം എന്നാൽ പ്രകാശത്തിന്റെ വേഗതയിൽ ഒരുവർഷം സഞ്ചരിക്കുന്ന ദൂരം,പ്രകാശം ഒരു സെക്കന്റിൽ ഏകദേശം 300,000 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു) അങ്ങിനെ ഒരുപ്രാവശ്യം തന്റെ കേന്ദ്രത്തിനെ ചുറ്റിവരാൻ 225 മുതൽ 250 മില്ല്യൺ വർഷങ്ങൾ എടുക്കുന്നു. സൂര്യൻ ഉൾപ്പെടുന്ന നമ്മുടെ സോളാർസിസ്റ്റത്തിന്റെ 99.86 ശതമാനം വ്യാപ്തവും സൂര്യനാണ്‌, ബാക്കിയായ 0.14 ശതമാനം മാത്രമേ ബാക്കിവരുന്ന നമ്മുടെ ഭൂമിയടങ്ങുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും വരുന്നുള്ളു.വലുപ്പംകൊണ്ട് ഭൂമിയേക്കാൾ 109 മടങ്ങ് വലുതാണ്‌ സൂര്യൻ,അതായത് ഏകദേശം 1392,000 കി.മീറ്റർ വ്യാസം ആണ്‌ സൂര്യന്റേത്, ഭൂമിയും സൂര്യനും തമ്മിലു ദൂരം ഒരു എ യു (ആസ്ട്രോണമിക്കൽ യൂണിറ്റ്) ആണ്‌(ഒരു എ യു എന്നാൽ ഏകദേശം 149.6 മില്ല്യൺ കി.മീ).അങ്ങിനെ നോക്കുമ്പോൾ സൂര്യനിൽനിനും ഏകദേശം 8 മിനിറ്റും 19 സെക്കന്റുകളും കൊണ്ടാണ്‌ സൂര്യപ്രകാശം ഭൂമിയിൽ എത്തുന്നത് എന്നർത്ഥം. ഇത്രയും പറഞ്ഞത് സൂര്യനെ മാത്രം വച്ചുകൊണ്ട് നമ്മുടെ ഗ്യാലക്സിയേ അളന്നുനോക്കാൻ വേണ്ടിയാണ്‌,അപ്പോൾ ഏകദേശം ഒരുഗാലക്സിയുടെ വലുപ്പം മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു,അതേപോലെയുള്ള ഏകദേശം വലുതും ചെറുതുമായ 170 ബില്ല്യൺ (17,000 കോടി) ഗ്യാലക്സികൾ മനുഷ്യന്റെ പ്രപഞ്ചപഠനത്തിന്റെ നിരീക്ഷണത്തിൽ വന്നിട്ടുണ്ട്, കണ്ടുപിടിക്കാത്തതിന്റെ കണക്കുകൾ അനന്തമായിരിക്കുമല്ലോ.ഇതിൽതന്നെ പലഗ്യാലക്സികളും സെക്കന്റിൽ ഏകദേശം പ്രകാശവേഗത്തിനേക്കാളും വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്നു എന്നതും,രണ്ട് ഗാലക്സികൾ തമ്മിലുള്ള അകലം എന്ന്പറയുന്നത് ഏകദേശം 4,200മെഗാപാർസെക്‌സ് (130,000,000,000,000,000,000,000 കിലോമീറ്റർ)സ്ഥിതിചെയ്യുന്നു എന്നുള്ളതും ശാസ്ത്രീയമായ അറിവുകളാണ്‌.ഒരു പാർസെക്‌സ് എന്നാൽ 31 ട്രില്ല്യൺ (310,000,000,000,00 കി.മീ.) അഥവാ 206265 എ യു(ഒരു എ യു = 149.6 മില്ല്യൺ കി.മീ).അല്ലെങ്കിൽ 3.26 പ്രകാശവർഷങ്ങൾ. ഇപ്പോൾ ഏകദേശം നമ്മുടെ പ്രപഞ്ചത്തിന്റെ വലുപ്പം ഊഹിക്കുക.ഈ പ്രപഞ്ചം തന്നെയാണ്‌ ആ പൂർണമായ ബ്രഹ്മത്തിന്റെ വളരെ ചെറുതായി ദൃശ്യമാക്കപ്പെട്ടത്. അവിടെനിന്നും തിരിച്ചിറങ്ങി ഭൂമിയിലേക്കെത്തുമ്പോൾ,
തലയുർത്തിപിടിച്ച് എല്ലാത്തിന്റെയും അധിപനാണെന്ന അഹങ്കാരത്തോടെ പടമുഴക്കുകയാണ്‌ മനുഷ്യൻ,കേവലം എൺപതോ അല്ലെങ്കിൽ പരമാവധി നൂറോ വർഷങ്ങളുടെ ആയുസ്സുമാത്രം സ്വന്തമായുള്ളവൻ,അതിൽതന്നെ മുപ്പതോ നാല്പ്പതോ വർഷങ്ങൾമാത്രം ശാരീരികമായും ബൗദ്ധികമായും സമാനതകളോടെ ജീവിക്കാൻ കഴിയുന്ന കാലയളവ്‌,ഇതിനിടയിലേക്കു കടന്നുവരുന്ന വർത്തമാനജീവിതത്തിലെ അനവധി വൈതരണികളും.ഇതിന്റെയൊക്കെ ഇടയിൽ കേവലം ‘ഞാൻ’എന്ന അഹങ്കാരാത്തിന്‌ എവിടെയാണ്‌ സ്ഥാനം എന്നുള്ളതു നമ്മളാരും ഓർക്കാറില്ല.ഒന്നു മനസ്സിലാക്കുക ബ്രഹ്മാണ്ഡമെന്നാൽ പലതില്ല അതു ഒന്നേയുള്ളൂ അതുതന്നെയാണ്‌ ചതുർവേദങ്ങളീലും,ഉപനിഷത്തുക്കളിലും,
ഗീതയിലും പറയുന്ന അമൂർത്തമായ സർവ്വചരാചരങ്ങളിലും നിറഞ്ഞുനില്ക്കുന്ന പരബ്രഹ്മ സങ്കല്പ്പം.

“പൂർണമദഃ പൂർണ്ണമിദം
പൂർണാത് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ”

'ദൃശ്യമായ ഈ പ്രപഞ്ചം പൂർണമാണ്‌(അനന്തമാണ്‌).അദൃശ്യമായ ബ്രഹ്മവും പൂർണമാണ്‌(അനന്തമാണ്‌).അദൃശ്യമായ ബ്രഹ്മത്തിൽ നിന്ന് ദൃശ്യമായ ഈ പ്രപഞ്ചം ഉത്ഭവിച്ചുകഴിഞ്ഞാലും അത്(അദൃശ്യമായ ബ്രഹ്മം)പൂർണമായിതന്നെ അവശേഷിക്കുന്നു.'
ഈശാവാസ്യോപനഷദിലെ ആദ്യ ശാന്തി മന്ത്രമാണ്‌.

ഞാൻ കണ്ട പ്രണയം..

"ഞാനൊരു പ്രണയം കാണുകയായിരുന്നു...."
         ഞാനൊരു അവിശ്വസനീയമായ പ്രണയം കാണുകയായിരുന്നു.പക്ഷെ അവർ പ്രണയിതാക്കളല്ലായിരുന്നു,ഒരു വിവാഹാലോചനയിലൂടെ പരിചയിക്കുന്നു,തികച്ചും സാധാരണമായ ഒരു അന്തരീക്ഷം,വിവാഹനിശ്ചയവും കഴിഞ്ഞു,ബാക്കിയായ മംഗളകാര്യങ്ങൾക്കായി ഇരുവശവും തിരക്കു തന്നെ.വളരെ അവിചാരിതമായ ഒരു സംഭവം പെൺകുട്ടിക്ക് വലിയൊരു ബസ്സപകടത്തിൽ അരക്കുതാഴേയ്ക്കുള്ളഭാഗം തളർന്നു കിടപ്പിലായിരിക്കുന്നു,തീരുമാനങ്ങൾ മാറ്റി മറിയപ്പെടുന്നു സ്വാഭാവികമായ പ്രതികരണം...പെൺ വീട്ടുകാരും ഉൾക്കൊള്ളുന്നു അവസ്ഥയെ,കൂടെ അവളും, ചിറകുമുളച്ച തന്റെ സ്വപ്ങ്ങൾ വളരെപെട്ടെന്ന് കത്തികരിഞ്ഞുവീഴുന്നത് നിസ്സഹായതയോടെ കണ്ടുനില്ക്കാനേ അവൾക്കായുള്ളു....എല്ലാ തീരുമാനങ്ങളും മാറ്റിമറിക്കപ്പെട്ടപ്പോൾ നിശ്ശബ്ദമായൊരു തേങ്ങൽ ആരും കേട്ടില്ല,ആ തേങ്ങലിൽ ഒരു ഉദാത്തമായ തീരുമാനം പിറവിയെടുത്തു....നിശ്ചയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാനുള്ള ഒരു യുവാവിന്റെ മനസ്സിന്റെ സ്ഥൈര്യത. അവിടെ ഒരു പ്രണയം ആരംഭിക്കുകയായിരുന്നു,എല്ലാവരും നിരുത്സാഹപ്പെടുത്തി,ഇരുവീട്ടുകാരും....കുറ്റപ്പെടുത്തലുകൾ,ഒറ്റപ്പെടുത്തലുകൾ,എങ്കിലും അവന്റെ തീരുമാനത്തെ മറികടക്കാൻ പോന്നതായിരുന്നില്ല അവയൊന്നും.‘വിവാഹത്തിനുശേഷമായിരുന്നു ഇത്‌ സംഭവിച്ചതെങ്കിൽ ഞാൻ സ്വീകരിക്കേണ്ടതുതന്നെയല്ലേ ഈ നിയോഗം’ എന്ന ഒരു മറുപടിയായിരുന്നു അവൻ എല്ലാവർക്കും നല്കിയിരുന്നത്. പെൺകുട്ടിയും പറഞ്ഞുനോക്കി പക്ഷേ അവന്‌ മാറ്റമില്ലായിരുന്നു.സ്വന്തക്കാരും ബന്ധുക്കളും തള്ളിയിറക്കിയപ്പോൾ അന്നമൂട്ടാൻ ഒരു ജോലിയുണ്ടായിരുന്നത് തുണയായി,എല്ലവരുമുണ്ടായിരുന്നിടത്തുനിന്നും ആരുമില്ലാത്ത അവസ്ഥയിൽ തന്റെ കൈപിടിച്ച പുരുഷന്റെ വിരലുകൾ കോർത്തുപിടിച്ച് അവൾ പകുതി നിശ്ചലമായ തന്റെ ശരീരത്തിനെ അവന്റെ ഹൃദയത്തോട് ചേർത്തുവെച്ചു.സഹകരിക്കാൻ തയ്യാറാകാത്ത അല്ലെങ്കിൽ സ്വന്തം വീട്ടിൽ താനില്ലാത്ത അവസ്ഥയിൽ തീഷ്ണമായ കൺ വെട്ടങ്ങളീൽനിനും അവളെ തികച്ചും സ്വതന്ത്രമാക്കാൻ അവൻ ജോലിസ്ഥലത്തിനടുത്തൊരു വീട് വാടകക്കെടുത്ത് തന്റെ ഭാര്യയെ ജോലികഴിഞ്ഞുള്ള ഒഴിവുസമയങ്ങൾ സദാ ശുശ്രൂഷിക്കുന്നു.ആ ശുശ്രൂഷയിൽ പതുക്കെ തന്റെ ജീവിതത്തിൽ ഒരിക്കല്കൂടി പിച്ചവച്ചുതുടങ്ങിയ ആ പെൺകുട്ടി താൻ ജീവിതത്തിൽ ഇപ്പോഴത്തെ ഓരോ നിമിഷത്തിലും അനുഭവിക്കുന്ന സ്നേഹം,പരിലാളന
,പരിഗണന,ഇവക്കെല്ലാം കാരണക്കാരനായ തന്റെ ഭർത്താവിന്റെ ദീർഘായുസ്സിനുവേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു..........ആ യുവാവിൽ  സാധാരണനായ ഒരു മനുഷ്യനെ കാണാൻ എനിക്കു കഴിയുന്നില്ല,ദൈവത്തിന്റെ സ്വന്തം കയ്യൊപ്പുപതിഞ്ഞ ആ മനുഷ്യന്റെ മനസ്സിന്‌ ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.പ്രണയം അതിന്റെ ഏറ്റവും ഉദാത്തമായ മാതൃക നമുക്കു മുൻപിൽ തുറന്നു കാണിക്കുകയാണ്‌ ഇവിടെ....ആ ദമ്പതികൾക്കു ഉറവവറ്റാത്ത  പ്രണയത്തിന്റെ ജീവിതസ്പർശങ്ങളായ അനുഭവസാക്ഷ്യങ്ങൾക്ക് ഈ പ്രകൃതിയും പ്രപഞ്ചവും തുണയായിരിക്കട്ടെ എന്നു ആഗ്രഹിക്കുകയാണ്‌....നന്മകൾ നേരുന്നു....
ശരീരത്തെ പ്രണയിക്കുന്നവർക്ക് ഒരിക്കലും ഒരു ശരീരത്തിൽ തൃപ്തിയടയാനാകില്ല,പുതിയ പുതിയ ആരാമങ്ങളെലക്ഷ്യമാക്കി അവർ തങ്ങളുടെ യാത്രകളിൽ വാതോരാതെ വർണ്ണങ്ങൾ വാരി വിതറുന്ന പ്രണയത്തിന്റെ മാസ്മരികതയെപറ്റി സങ്കല്പങ്ങൾ മെനഞ്ഞുകൊണ്ടേയിരിക്കും....

ചാവു് ഗന്ധം (കവിത)

ചാവു്ഗന്ധം

കാറ്റുമാത്രം മിച്ചംവച്ചു നടന്നകലുന്നൊരെൻ പകലറുതിയിൽ
കരയും,കടലും പകുത്ത് ത്യക്തമൊരേകാന്തജീവനം തേടുകയാണ്‌
ശരവേഗമാർന്ന് അണയെപ്പിടിച്ച് കാതിൽ ഊതിയകാറ്റിൽ
മരണമുറങ്ങും ഉറഞ്ഞപകയുടെ രക്തം ഗന്ധിക്കയാണ്‌ സിരകൾ

വെയിലുരുക്കിയൊഴിച്ചൊരു അശനിപാതം പോൽ ഋതുക്കളിൽ
പലവുരു മരണം മണിമുഴക്കും കാലത്തിന്റെ കറുത്ത ചിറകടികൾ
ഓടിയടുക്കും ഇരുണ്ട കഴുകിൻ നിഴലുകളിൽ മൃതി ഇഴകെട്ടിയ
കൊഴുത്ത രക്തമുണങ്ങുമൊരായിരം ആയുധാകൃതികൾ

അവർക്കുമുന്നിൽ പിടഞ്ഞുവീഴാൻ നിശ്ചലം വിധിയായിരിപ്പവർ
ഇടവാർന്നുചവയ്ക്കും നെഞ്ചുപിളരുന്ന ദീനധ്വന്യാക്രാന്തങ്ങളിൽ
നിശ്ചേഷ്ടമെൻ പാദംവിയർത്ത് കണ്ണാൽ കൊണ്ട്കൊരുത്തത്
കടയറ്റുവീണുപിടയ്ക്കും ജഠരം തകർന്ന ഗർവ്വദേഹങ്ങളും

ആർത്തിരമ്പും കരളുപൊട്ടുമനവധി നിരാലംബവ്രണിത രോദനങ്ങൾ
കാതുകുത്തിത്തുളയ്ക്കും കൂർത്ത കനൽനാദമായ് ചിതറവെ
ഇരുളുപിളർന്ന്പാഞ്ഞടുക്കും ക്രൗര്യം പിടിചുറ്റിയഖഢ്ഗമമരുമ്പോൾ
ചെന്നിണാർദ്രമീ മൺതരികളിൽ ക്ഷണനജാതകങ്ങളടിയുന്നു

കർമ്മമൊടുങ്ങും ചിത്തമൊഴിഞ്ഞു ചിതറിയ ദേഹശിഖരങ്ങൾ
പകതീർത്ത കലികൊണ്ട കൃതകാല വൈഭവങ്ങളത്രെ
കൺകൾപുകച്ചും രുധിരകുങ്കുമം ചാർത്തി പടമുഴക്കിനീങ്ങാൻ
കണ്ഠമറുത്ത് തുരന്നെടുക്കപ്പെട്ട തലയോട്ടികൾക്കലയുന്നതും നീതന്നെ

മരണം നെഞ്ചോടുചേർക്കപ്പെട്ടൊരാത്മരോദനങ്ങളിൽ പുകയൂതി-
പ്പട്ടടയൊരുക്കാൻ ഒഴിഞ്ഞമടിശ്ശീലയിൽ വിറകുതേടും സഹചരികൾ
നിരനീട്ടിനീങ്ങുമെൻ പാദംതടഞ്ഞ കൃശാകാരമൊരു പൈതലിൻ
കരളുനീറുന്ന നിലവിളിയിൽ ശേഷിച്ച പ്രജ്ഞയുമകലുകയാണ്‌

പകമൂത്ത് ഉറഞ്ഞുതുള്ളും കറുത്തകോമരനിഴലുകൾക്കപ്പുറം
അടരും സത്യങ്ങളിൽ കരിനീലനാഗങ്ങൾ കാളിയവിഷം തുപ്പുമ്പോൾ,
വന്യമൊരന്ധതയിൽ പലവുരു ആവർത്തിക്കും യമതൃഷ്ണകൾ
നിരയായ് വീണ്ടും ജീവകോശങ്ങളിൽ ശൂലംകുത്തിയാർക്കുന്നു

മതമോ നിലവിട്ടതത്വശാസ്ത്രങ്ങളോ പതിവെച്ചകുഴികളീൽ
ചത്തടിഞ്ഞ് ജീർണ്ണജഡങ്ങളായ്മാറാൻ കർമ്മം പകിടയൊരുക്കുമ്പോൾ
കൺകളറിയാതെ കാണുന്നൊരെൻ ജ്വലനങ്ങളിൽ ഇറ്റു് ജീവനേകാൻ
കരുതിയതെല്ലാം മരണം മണക്കും മനസ്സിന്റെ ച്യവനമൊരു ശിഷ്ടതമാത്രം
 .........................................................................................