എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഏപ്രിൽ 30, ശനിയാഴ്‌ച

മോക്ഷം (കവിത)

മോക്ഷം..

കതിരുകാണാക്കിളി കരളുണർന്ന്‌ പാടി-
പ്പറന്നിറങ്ങിയതൊരു  കതിർപ്പാടം
കതിരിലൂറിയ പൈമ്പാലിനാൽ മേലുലകുണർ-
ന്നൊരു ശാല്മലിപ്രിയമായവൾ
ചേണാർന്ന കടലിൻ അർണ്ണമൊരുക്കിയ ,
അനുരതിതൻ വസുപ്രാണഹൃദയത്തിൽ
മോദമുണർന്ന കാന്തപക്ഷിതൻ മോഹം,
മലർതൂകിയ മേഘരാഗങ്ങളിൽ
ഇരുളുമറച്ചെങ്ങോ ധൂലകച്ചുഴിയുണർത്തി-
പ്പായുമൊരശ്വമായവൻ, കലുഷൻ
എവിടെ ഞാൻ തേടിയ നിഴല്പ്പാടുകൾ, എവിടെയെൻ-
ആകാശമുണർത്തിയ അംശുബാണൻ
ആത്മാവ്‌ തളിരിടും ജന്മകല്പ്പങ്ങളിൽ, പുനർ-
ജ്ജനിതേടുന്ന പ്രണയമോഹങ്ങളിൽ
മോക്ഷമുണരാൻ രാമപാദമണഞ്ഞ ചേതനകൾ,
ചിറകടിയേറ്റിയെന്നാത്മദാഹങ്ങളിൽ
കല്മഷം ഉള്ളിലുറയുന്ന കർമ്മകാണ്ഡങ്ങളിൽ,
ആഹവം പുണർന്നൊരഹല്ല്യയായ്‌ ഞാനും
ശുഷ്കമാം രത്നഗർഭങ്ങളിൽ, ഊർമ്മിയുടഞ്ഞ്‌ ലവണം-
കനക്കുന്ന രോദനമുണരുന്നുവോ
ഋണമുടഞ്ഞമർന്ന കണ്ടലം തോരാതെ,
ധരിത്രിതൻ വിരിമാറ്‌ ചുവക്കുന്നുവോ
കാണ്മതില്ലെൻ മാനസം, മുനകൂർത്ത സായകമുട-
ച്ചെറിഞ്ഞ ത്വരിതമോഹങ്ങളും
കാത്തിരിപ്പു തീർക്കുന്ന ഋതുചക്രങ്ങളിൽ,നിഴലൊട്ടി-
നില്പ്പൂ എന്റെ പ്രണയം തീർത്ത തുകിനങ്ങൾ
ഇണയറ്റ ചേങ്ങിലയിൽ ശാർവ്വരമുരച്ച്‌,
സ്വരമന്യമായൊരു തുടിയായുണർന്നവൾ
എങ്കിലും മനമുടച്ച ധൃതതാളമലിഞ്ഞൊരു ഹൃദയം,
പൂമരക്കവണങ്ങളിൽ മിഴിവാർന്ന്‌
മനം കൊരുത്തുനില്പ്പൂ വിശ്രംഭമുണർന്നൊരാ,
താരകം പൂവിട്ട സുരപഥങ്ങളിൽ........!
....................................................................................