എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ജൂൺ 16, വ്യാഴാഴ്‌ച

പിതൃത്വം (കവിത)

                        പിതൃത്വം.

വെട്ടമേശാത്തൊരീ ശ്ളേഷ്മജരായുവിൽ തുണ്ഡിക,
നാളിയറുക്കപ്പെട്ടൊരു നിപാതകൻ ഞാൻ
മെയ്യറുതിയായിരിക്കുന്നു എന്റെ മരണമുറപ്പാക്കിയ,
സ്വാർത്ഥതയിൽ കറുത്ത ദണ്ഡകം ചിരിക്കുന്നു

പടഹധ്വനി മുഴക്കി നിങ്ങൾ വിജയമാഘോഷിക്കവെ,
കേവലം പരാജിതനാമൊരു മാംസപിണ്ഡമായവൻ
എന്റെ ഹൃദയനാദങ്ങളിലമരും മോഹം കറുത്തുവോ,
മൃദുജഢമായ്‌ ഗതിയറ്റ ഗർഭകോശമായവൻ

തുടിച്ചുണർന്ന ജീവകണികയിൽ ഞാനങ്ങനെ,
ആകാശമുയിരുണരാൻ വെമ്പിയ വെൺതാരകം
സ്വപ്നങ്ങളിൽ ധൃതഗതിയായ ഹൃദയതാളങ്ങളിൽ,
ആരുമറിയാത്ത ചുവന്ന ചിരിപടർത്തിഞാൻ

കാറ്റും മഴയും നിലാസൂര്യനുമെല്ലാം എന്നമ്മതൻ,
ഉദരഭിത്തിക്കിപ്പുറം പുണരാൻ കൊതിച്ച ചാലം
ഉയിർപിച്ചവെച്ചകാലം ആരുടച്ചെറിഞ്ഞതാണെൻ,
ജാതകം,നാഭിനാളിയറുത്തതേത്‌ ഛാതാലയം

ജീവ ചാതകം ഞാൻ കൃഷ്ണമേഘങ്ങൾക്കുമപ്പുറം,
മഴയായെന്നിലേക്കിങ്ങും അഗ്നിയേ കണ്ടവൻ
അസുപഥമടച്ച്‌ തർപ്പണംചെയ്ത തീർപ്പിൻ മൺകല-
മുടച്ചതെന്നമ്മയോ അപമാനമൊഴിച്ച നീതിയോ

പുറംലോകമറിയാത്തൊരാത്മ ബോധത്തിന്നുൾവശം,
പരശതംകോടി അണുക്കളിലൊന്നിൽ ഗർവ്വുണർന്നവൻ
ക്ഷാത്രവീര്യമുണർന്നൊരു ദേഹ ശരാഗ്രത്താൽ,
അണ്ഡം പിളർന്നെന്റെ പാഞ്ചജന്യം മുഴക്കിയോൻ

അറിയില്ല, ആരാണൊരാൾ പിതൃബീജമായ്‌ എന്നിലെ,
തുടിപ്പുകളിൽ ജീവനിറ്റിയ നാഭിനാളമൊരുക്കിയവൻ..
എങ്കിലും ഞാനെന്നെ തിരിച്ചറിയുന്നു പഴിചവച്ചെ-
റിഞ്ഞൊരക്ഷരകൂട്ടങ്ങളിൽ പിതൃനാമം ചികയുന്നവൻ..
**********************************************