എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

അകവും പുറവും..

സമൂഹത്തിന്റെ പുഴുക്കുത്തുകളേക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരെ ധാരാളം കാണാറുണ്ട്......മതപരമായ കാര്യങ്ങളിൽ, എഴുതിവച്ചിരിക്കുന്ന സദാചാര ചര്യകളിൽ, ദൈവത്തിനോടൂള്ള അമിതമായ ഭക്തിയിൽ, ഭയപ്പാടിൽ പലതും കവല പ്രസംഗമാക്കുന്നവരേയും കാണാറുണ്ട്.......ഒരു വിവാഹം കൊണ്ട് ഒരു കുടുംബത്തിന്റെഅവസ്ഥ സാമ്പത്തികമായും മാനസീകമായും തകർക്കുന്ന വിവാഹാഘോഷങ്ങളിലെ ധൂർത്തുകളെ ഇല്ലാതാക്കാൻ ഒരു ദൈവത്തിന്റെ മക്കൾക്കും താത്പര്യമില്ല...മറിച്ച്, മനുഷ്യത്വവും പാരസ്പര്യവും, കുറച്ചെങ്കിലും ഉൾകാഴ്ച്ചയോടെ മതജാതികുലമഹിമാപതം പറച്ചിലുകൾക്കുമപ്പുറം മനുഷ്യനെ സ്നേഹിക്കുന്ന കുറച്ച് മനുഷ്യർക്കുമാത്രം കൈമുതലാകുന്നു ഇത്തരം വൈശിഷ്ട്യങ്ങൾ......ചില ദൈവീകഗ്രന്ഥങ്ങളിൽ എഴുതിവച്ചിരിക്കുന്നു സ്ത്രീധനം വാങ്ങുന്നതേ പാപമാണു്....അതു അങ്ങോട്ട് കൊടുക്കണം എന്ന്.....ദൈവത്തിനെ സംരക്ഷിക്കാൻ നടക്കുന്ന മനുഷ്യർക്ക് ,സ്വന്തം മകളുടെ വിവാഹത്തിനുവേണ്ടി പൊടിയുന്ന ഒരു പിതാവിന്റെ/മാതാവിന്റെ ഹൃദയരക്തം കാണാനുള്ള കാഴ്ച്ചയില്ല....ഇനി വിവാഹം കഴിഞ്ഞാൽ രക്ഷയുണ്ടോ....അടുക്കളകാണൽ തുടങ്ങി ഇരുപത്തിയെട്ട്, നാല്പ്പത്....മുടി മുറിക്കൽ മുടി വക്കൽ, ചരടു കെട്ടൽ അതഴിക്കൽ...എന്നുവേണ്ടാ ചാവിനും ചാവടിയന്തിരത്തിനും ചത്തുപോയവന്റെ ആണ്ടുബലി അടിയന്തിരത്തിനും ഒക്കെ പെണ്ണിന്റെ വീട്ടുകാരുടെ പങ്ക് പറ്റാൻ ആഗ്രഹിക്കുന്ന തികച്ചും സ്നേഹസമ്പന്നരായ വീട്ടുകാർ......ഇന്നത്തെ സ്വർണ്ണവിലയനുസരിച്ച് ഒരു വിവാഹം നടത്തുന്ന മദ്ധ്യവർത്തികളായ ജീവിത സാഹചര്യമുള്ളവർതൊട്ട് താഴേക്ക് ഒരു കുടുംബത്തിലെ മാതാപിതാക്കൾ ഇനിയൊരിക്കലും മനഃസമാധാനത്തോടേ കിടന്നുറങ്ങാൻ കഴിയാത്തവണ്ണം കടക്കെണിയിലാകുന്നു....ഒരുപക്ഷെ ജീവിതസാഹചര്യങ്ങൾ ഇത്രയൊക്കെ മോശമായതിന്റെയായിരിക്കാം നമ്മൂടേ സമൂഹത്തിലെ പെൺഭ്രൂണഹത്യപോലുള്ള ഗർഭച്ഛിദ്രങ്ങളൂടെ അളവിൽ വന്ന വർധനവ് ഉണ്ടാകാനുള്ള ഒരു പ്രധാനകാരണവും.....മതത്തിന്റേയും ജാതിയുടേയും മേല്ക്കോയ്മ നടിക്കുന്ന ഗർദ്ദപങ്ങൾക്ക് എന്ത് സമൂഹ നീതി....മതത്തിന്റെ പേരിൽ കൊല്ലാനും ചാവാനും നടാക്കുന്ന നരാധമന്മാർക്ക് എന്ത് ധർമ്മം.....രാഷ്ട്രീയ വൈരത്തിന്റെ പകപോക്കലുകളിൽ ജീവൻ പൊലിയുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുന്ന സാധാരണക്കാരനെ നോക്കാൻ അന്ധത ബാധിച്ച രാഷ്ട്രീയക്കോമരങ്ങൾക്കെന്ത് സമൂഹത്തിനോടുള്ള കടമ....ധാർമ്മികത നഷ്ടമായ പൊയ്‌മുഖകുകയാണ്‌ ദൈവം പോലും.....ഒരു പാട് നിയമങ്ങളും ദാർശനീകതത്വങ്ങളും എഴുതി ചുരുട്ടി കക്ഷത്തിൽ കൊണ്ട് നടക്കുന്നു വെളുത്ത ചിരിയിൽ വിഷം പുരട്ടുന്ന മനുഷ്യന്റെ സ്നേഹപ്രകടനങ്ങളെല്ലാം....വലിയ തത്വങ്ങളും മത സംഹിതാജ്ഞാനവുമെല്ലാം വിളമ്പുന്നവരുടെ വിവാഹാഘോഷ പരിപാടികളിൽ ഒന്നു പങ്കെടുക്കുമ്പോഴാണ്‌ ശരിയായ തനിനിറം പുറത്തു വരുന്നത്...ആഡംബരത്തിനും അഹന്തയ്ക്കും മാത്രം സ്ഥാനം നൽകുന്ന ഒരു തരം മാട്ട്ചന്തയിലെ കച്ചവടം..........അതിൽ ആൺ പെൺ വ്യത്യാസമില്ലാതെ പണത്തിനോടും പൊന്നിനോടൂമുള്ള ആർത്തികാണുമ്പോൾ സത്യത്തിൽ അവിടെ കച്ചവടം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ ജീവിതമോർത്ത് സഹതപിക്കാൻ മാത്രമേ കഴിയൂ...അതിനുമപ്പുറം പുറമേ ചിരിച്ചുകൊണ്ട് ഉള്ളിൽ അഗ്നികുണ്ഡങ്ങൾ തിളക്കുന്ന മാതാപിതാക്കളേയും കാണാറുണ്ട്..വളരെ അപൂർവ്വമായി മാത്രം മറിച്ചു സംഭവിക്കുന്നുണ്ടെങ്കിലും.......അത് മനുഷ്യരായിയി കുറച്ചു പേർ സമൂഹത്തിലുണ്ട് എന്ന തോന്നുന്നതിനു കാരണമാകാറുണ്ട്.......എല്ലാം കൊണ്ടും ലാഭം തന്നെ പണത്തിനു പണവും സ്വർണ്ണവും......അതിനുപുറമേ കുറേ അനാചാരങ്ങളൂടേ പേരിൽ പണവും പണ്ടവും വസ്ത്രങ്ങളും ലഭ്യമാക്കാൻ കൂടെയുള്ളവർ വേറേയും നോക്കുന്നു.....പൂച്ച എങ്ങനെ വീണാലും നാലുകാലിൽ എന്നു പറയുന്നതുപോലെയുള്ള ഒരു ലാഭകച്ചവടം തന്നെയാണ്‌ ഇന്നു സമൂഹത്തിലെ വിവാഹാഘോഷ മഹാമഹങ്ങളൊക്കെയും.....ഇല്ലാത്താ സമൂഹപ്രൗഢി നിലനിർത്താനുള്ള മനുഷ്യന്റെ നാണം കെട്ട വ്യഗ്രതയിൽ ഇല്ലാതാകുന്നത് എത്രയെത്ര കുടുംബങ്ങളുടെ ശാന്തിയും സമാധാനവുമാണ്‌.....ആരും സഹതപിക്കേണ്ടാ...പക്ഷെ ഒരു തീരുമാനം ഉള്ളിലെടുക്കാൻ കഴിഞ്ഞാൽ അതുതന്നെ ഏറ്റവും മഹത്തരം..ദൈവത്തിനും മതങ്ങൾക്കും ജാതികുലമഹിമയ്ക്കും അനാചാരങ്ങൾക്കും അന്ധതയ്ക്കും ഒക്കെ അപ്പുറം..ഒരു മനുഷ്യനായി ജീവിക്കാൻ ശ്രമിക്കാം ഇനിയെങ്കിലും എന്ന ബോധം ഉണ്ടായിരുന്നെങ്കിൽ.....??

1 അഭിപ്രായം:

 1. ഏറെ ഉറക്കെയുറക്കെ ചിന്തിക്കേണ്ടുന്ന ഒരുകാര്യം. പാഠം ചൊല്ലിക്കൊടുക്കേണ്ടാതല്ല. പകരം, മാതൃകകള്‍ ആവുകയാണ് വേണ്ടത്. അതിനു തീര്‍ച്ചയായും പാഠങ്ങളെ ശീലിക്കേണ്ടിയിരിക്കുന്നു.

  "പറയുന്നതേ പ്രവര്‍ത്തിക്കാവൂ..പ്രവര്‍ത്തിക്കുന്നതിനേ പറയാവൂ" എന്ന് 'വിശുദ്ധ ഖുര്‍ആന്റെ' അധ്യാപനം.
  എന്തേ, ഇതിനൊരുത്തരമാവാന്‍ നമുക്കാകുന്നില്ല.?

  'പ്രവാചകന്‍ മുഹമ്മദ്‌' ആകാശയാത്രക്ക് {മിഅറാജു} ശേഷം തന്റെ ജനതയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം സ്വര്‍ഗ്ഗ നരകങ്ങളിലെ കാഴ്ചകളെയും വിശദീകരിക്കുന്നുണ്ട്. അപ്പോള്‍, നരകത്തില്‍ ഒരുപറ്റം സ്ത്രീകളെ കണ്ടുവെന്നും അവര്‍ അവിടെ എത്തിപ്പെടാന്‍ പ്രധാനമായും കാരണം രണ്ടു മിന്നുന്ന വസ്തുക്കളുടെ ഉപയോഗത്താലാണ് എന്ന് പറയുന്നുണ്ട്. അവ രണ്ടില്‍ ഒന്ന് പൊന്നും മറ്റൊന്ന് പട്ടുമത്രേ..!!

  ഇനി നമുക്ക് ചിന്തിച്ചു തുടങ്ങാം.. ഈ രണ്ടു വസ്തുക്കളോടുള്ള അടങ്ങാത്ത മോഹം അവരെ എവിടെക്കൊണ്ട് ചെന്നെത്തിക്കുന്നുവെന്ന്..???

  റ്റൊരിക്കല്‍, ഇതേ പ്രവാചകന്‍ പറയുന്നതായി അനുചാരന്മാരിലൂടെ അറിയുന്നു. "ഐശ്വര്യവാന്‍ ഭിക്ഷ യാചിക്കരുത്. അഥവാ, അങ്ങനെയൊരുവാന്‍ നാളെ വിചാരണയുടെ {മഅശറയില്‍} അവസരത്തില്‍ കവിളുകളില്‍ മാംസമില്ലാത്ത തരത്തില്‍ പ്രത്യക്ഷപ്പെടുമെന്ന്."
  സുഹൃത്തുക്കളെ നാമറിയണം. ഐശ്വര്യവാന്‍ എന്നാല്‍, "ഒരു നേരത്തെ അന്നത്തിനു വകയുള്ളവനാരോ അവന്‍" എന്നായിരുന്നു 'പ്രവാചക' നിര്‍വ്വചനം.

  ഈ പാഠത്തെ 'കണ്ണന്‍' കുറിപ്പില്‍ സൂചിപ്പിക്കുന്ന സ്ത്രീധനവുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, സ്ത്രീധനം നല്‍കുന്നതിനു വേണ്ടി പണം സമാഹരിക്കാന്‍ നാടുകള്‍ തോറും യാചിക്കേണ്ടി വരുന്ന പാവം അച്ഛനമ്മമാരെ, മേല്‍ചൊന്ന കോലത്തില്‍ നാളെ അപഹാസ്യരാക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്നതരാ....?

  "തനിക്കേറെ പ്രിയപ്പെട്ട ഒന്നിനെ ത്യജിച്ചു കൊണ്ടല്ലാതെ മറ്റൊരുവന് ഒരു ഗുണം എത്തിക്കാന്‍ നിങ്ങള്‍ക്കാവില്ല തന്നെ..!!"

  മറുപടിഇല്ലാതാക്കൂ