എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിറച്ചാർത്ത് (കവിത)

നിറച്ചാർത്ത്..

തൊട്ടാവാടിതൻ മൃദുപത്രകങ്ങളേപ്പോൽമൌനം
മന്ദമൊരു നുള്ളിൽ സ്വയമൊതുങ്ങിയും അശ്രു
ഒടുങ്ങാത്ത സ്വപ്നങ്ങളിൽ നീറും മനമിഴച്ച്
നനഞ്ഞ പടവുകളിൽ ജലമുണർത്തി യാത്രയായവൾ

ശലഭങ്ങൾ പൂത്ത കാവുകളിൽ സന്ധ്യയിൽ
കൽവിളക്കിൻ വെൺ ചിമിഴുകളിൽ ആർദ്രമാം
പരാഗമുണർത്തും സൗഗന്ധികം പൂത്തുവോ
തുടിക്കും കൺകളിൽ എഴുതിയ കരിമഷി മാഞ്ഞുവോ

പുലരിയിൽ ഇലത്തുമ്പിലിറ്റിയ വെൺതുളികളെ
ദർഭതുമ്പാൽ രാഗമുണർന്നനിൻ കൺപീലികളിൽ
കുളിരും പ്രണയപരാഗമായ് മെല്ലെ പതിച്ചുവയ്ക്കാൻ
എന്നിലെ മോദമുണർന്നു തുളുമ്പിയതേതു തീഷ്ണാനുരാഗം

ആകാശം ചാരിനിക്കും മുളത്തണ്ടിലീറനുടുത്ത
വെൺമേഘങ്ങളിൽ കാമസായകം തൊടുക്കാൻ
നിറച്ചാർത്തിനീണം പരക്കും അഴകിൻ വില്ലു
കുലച്ചതേതനുരതിതൻ വിടരും മോഹങ്ങളായിരുന്നു

ഇന്നിവിടെ ഒരോർമ്മത്തെറ്റുപൊലെ ഞാനോ
രാവിന്റെ കൈവഴികളൊന്നിൽ ബോധം തിരയുന്നു
ചുവടുകളില്ലാത്ത താളമറ്റ പാദങ്ങളിൽ
ചരണം തിരയുമനുപല്ലവിയാണിന്നെൻ കാഴ്ചകളത്രയും

ഉദരം ഉലയൂതിയുണർത്തുമഗ്നിദ്രവം ഒഴുകിപ്പരക്കുന്ന
സിരകളിലത്രയും പുകയായൂറുമൊരു ചിലങ്ക തൻ നാദം
നെഞ്ചിനുള്ളിൽ കമഴ്ത്തിയ കനമുള്ള വാക്കുകൾ
വാക്കിലൂറിയ വരണ്ടകാറ്റിൽ തുന്നിവച്ച ഹൃദയം പിടയുന്നു

ഇരുളുപരക്കുമീ കാവിൻ മുറ്റത്ത് തിരയുന്നു ഞാൻ
ഫണമുലച്ചൊഴുകിയെത്തും നിൻ കളിത്തോഴനെ
നൂറും പാലുമായ് നീട്ടി നിന്നിലെ സ്നേഹമൂട്ടിയവൻ
ഇരുളിൽ തിളങ്ങും പല്ലുകൾ അവയെൻ പാദം തിരയുന്നു

********************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ