എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, മേയ് 18, ബുധനാഴ്‌ച

മൂന്നു കൈവഴികൾ (കവിത)

മൂന്ന് കൈവഴികൾ

ഞാനും ഒരു പ്രണയിനി, പടിപ്പുരയോളം,
വഴികളിൽ മിഴിനട്ട് കനിവായ് കാത്തിരിപ്പവൾ
ബിന്ദുക്കളായ് ഇലത്തുമ്പിലിറ്റും ഋണമുടഞ്ഞ്,
കുളിർന്നൊരു മൺത്തടം മിഴിയുണർത്തിയും
മഴതോർന്ന ആകാശനീലിമയിലൊരായിരം,
സ്വർണ്ണമയൂഖമുണരുന്ന കൗതുകം തേടുന്നു....

മന്ദമായ് ആരോ വിരൽത്തുമ്പ് നീട്ടിയെൻ,
പിടയും ചേതസ്സ് തൊട്ടുണർത്തീടവേ..
സ്വപ്നമുണർന്ന വേഗങ്ങളിൽ പതുക്കെ,
കിലുങ്ങിയുണരുമൊരു കാൽത്തളനാദവും
ഉറവയുണർന്നൊരെൻ മാറിടം ചുരത്തി നെഞ്ചോ-
ടമരുമെന്നരുമതൻ കുഞ്ഞുപശിയടക്കണം....

സുഖദമൊരാലസ്യം പുൽകിയുറക്കുമൊരു വാത്സല്യം,
കരിമഷിയലിഞ്ഞൊരെൻ നിമീലിതലോചനം
തണുത്തകമ്പളം വിരിയിട്ട സമീരനുണർന്നൊരെൻ-
കൺകളിൽ തിരിനാളമായ് കാഴ്ച്ച തളിർത്തുവോ
അജിരമുരച്ച് ഞരങ്ങിയുണരും പടിപ്പുരവാതിലിൽ.
തുടികൊട്ടിയാടുമെൻ കൺകളും പരതുന്നു....

പ്രാണാകാശമാകെ പ്രണയംപൂത്ത നിഴലായ്,
പുനർജ്ജനിച്ചവനോടൊരു ലോകം പടുക്കിലും..
നിശ്ശബ്ദമൂറുന്ന പ്രണയനങ്ങളിൽ ഉടയാത്തൊരിഴചുറ്റിയ,
നൂൽക്കണങ്ങളാകണം സിരാപടലങ്ങൾ
എങ്കിലും നിറജീവനുണരുന്ന സൗഭഗങ്ങളിൽ,
എന്റെ പ്രിയനോട് ഉയിർകൊണ്ടവൾ ഞാൻ....

ഒരിക്കൽ ഞാനുമൊരു യൗഥികയായ് നിൻ,
പ്രണയമോഹങ്ങൾക്കാശംസകളർപ്പിച്ചവൾ
എങ്കിലും ഞാൻ നിന്റെ പാണിയുണർന്നജീവൻ,
പങ്കിടാനും വയ്യനിൻ പ്രേമസ്വരൂപവും
ഇരുമുഖങ്ങൾ കലുഷഭാരം മറുവശമുയിർകൊണ്ട്,
ഉമിത്തീയിലുരുകുമെൻ ആകുലചിത്തവും
ഉറവു് നീട്ടില്ലിന്നു ഞാൻ മറവിയിലൊരുൾക്കാലം-
ഇരന്നുവാങ്ങിയോൾ, അവനാൽ ഉദരം ചുമന്നവൾ....

        *        *        *        *        *        *          

പുറകിലൊരുവഴിയിഴപിരിഞ്ഞ ഇരുവഴികളിലന്യൻ,
ശിരസ്സുതളർന്നൊരു ദിശയറിയാപഥികൻ
ഒഴുകിവന്ന കൈവഴികളിൽ നിറമുള്ള മുഖങ്ങളൊന്നും,
കണ്ടതില്ല, എങ്ങും കൽമഷപ്പുകമണം
അപഥസഞ്ചാരിയായ് ധൂമംകുരുത്ത വഴികളിലഭയം,
തിരഞ്ഞ ശുഷ്കമായൊരുടൽ ചേർന്നവൻ
എങ്കിലും ഒടുവിലെന്നിൽ പുനർജ്ജനിയേകിയൊരു,
നേർത്ത തിരിനാളമായ് പുൽകിയണച്ചൊരുവൾ......

പിച്ചനടന്നൊരു പൈതലായ് വീണ്ടുമുണരാൻ,
വിരൽതുമ്പ് കൊരുത്തതെൻ ചൂണ്ടുവിരലാൽ
മോഹമുണർത്തിയും തളിരിലപൊഴിച്ചൊരാരാമമായ്,
പുഷ്പിച്ചും എന്നില്പടർന്നൊരനുരാഗം
എങ്കിലുമെനിക്കതിനാകാതെ പോയതെന്തേ,
നിന്നെയെൻ ജീവിതം പറിച്ചെറിഞ്ഞതേതുദിക്കിൽ
ദുരമൂത്ത കഴുകുകളായൊരാ മതമുണർന്ന്,
കാളിയവിഷം ചീറ്റും ഉരംഗങ്ങൾ ചുറ്റിനും പാർത്തിരിപ്പൂ....

ദാത്രമുടച്ചെറിയപ്പെട്ട മനുജാതർ, ആന്ധ്യമുണർന്ന,
വേർതിരിവുകളിൽ അടർത്തിമാറ്റപ്പെട്ടവർ
ചുടുനിണംവാർന്ന ഹൃദയം കൊരുത്തുപിടിച്ചൊരുവളിൽ,
വിയാർന്നൊരു താലിമു​റുക്കുമ്പോൾ
ദൂരെ കണ്ണീർക്കണങ്ങളടിഞ്ഞൊരെൻ മോഹങ്ങളിൽ,
ആസുരംതൊട്ട് തർപ്പണംചെയ്യുകയായിരുന്നു
വീണ്ടും അഷ്ണമുണർന്ന പ്രവേഗങ്ങളിൽ ജീവിതമുരുളവെ,
പകലുണരും അകമേ സ്വയംയാത്രയാകുന്നു....

ദേശാടനമുടച്ച പിൻവിളികളാൽ ഞാനോ,
കുഞ്ഞരിപ്പല്ലുണർന്ന നാദം നെഞ്ചോട് ചേർക്കയിൽ
സാന്ത്വനമുണർന്ന സുഖരാഗമായ് നെഞ്ചിലൊട്ടും,
പരിഭവമായ് ഈറനുണർന്ന മിഴികളാൽ നീയും
എങ്കിലും ഞാനൊരനുബിംബമാവുകയാണ്‌ ഒഴിയുംതോറും,
പലവിധമായ് വന്നടിയുന്നകനൽചീളുകൾ
രണ്ടായ്പിരിഞ്ഞ കൈവഴികൾക്കിടയിൽ വൃഥാ,
മിഴിയെറിഞ്ഞുടച്ചൊരു നിഴലായ്മാറുന്നു ഞാനും...

      *          *         *         *         *        *

ആയിരം അഞ്ജിതമുണർന്നൊരനുരതിയിൽ മദമിയലും,
പരാഗമുയിർകൊണ്ട വെൺപാരിജാതമായിരുന്നു ഞാൻ
നിറദീപമായ കൽവിളക്കിന്നിപ്പുറം മോദമായ് കൈകൂപ്പി-
നിന്നോരു രാധയായ് രാഗസൗഭഗം തേടിയോൾ
എൻ പദസ്വനങ്ങളിൽ ഉണരാത്ത നാളുകളുണ്ടോ,
എൻവിരൽ കൊരുക്കാത്ത മാല്യങ്ങൾ നിന്മാറിലുണ്ടോ
എന്നിട്ടുമെന്തേ മനമുണർത്തിയവനോടുള്ളൊരെൻ,
പ്രണയം കാണാത്ത കൽശിലയായ് നീ മാറിയത്....

കനവുനെയ്ത് കാത്തിരുന്നും നേർത്ത നിറമിഴിതോരാത്ത-
കൺതടങ്ങളിൽ നിന്നുതിരും പൂവുകളർപ്പിച്ചും
വിധിയോട് ഞാനും വിധേയയായ് എന്നോ കരുതിവെച്ച,
മോഹങ്ങൾക്ക്മേൽ കറുത്ത ചായം തേച്ചവൾ
ചവുട്ടിയരക്കപ്പെട്ടൊരെൻ സ്വപ്നങളിൽ ഇനിയുണരില്ല,
നിൻപദചലനങൾ, സുഖമാർന്ന സ്മേരവും
കത്തിപ്പടരുകയാണെന്റെ ദേഹമാകെയും നീ തീർത്ത,
പ്രണായാഗ്നി ജ്വാലകൾ ചുട്ടുപൊള്ളുകയാണിന്നും....

എങ്കിലും എനിക്ക് മോചിതയാകണം നിന്റെ നിഴൽ,
പഥങ്ങളിൽ നിന്നും, വിധിയെനിക്കേകിയ കൂട്ടിനായ്..
എന്നിൽ മാതൃത്വമുണർത്തിയ സ്നേഹനിമിഷങ്ങളെ ,
എന്റേതാക്കിമാറ്റണം നീയെന്ന പ്രണയമില്ലാതെ
നിന്മൊഴിയാലെനിക്കേകേണ്ടുന്നതൊന്നുമാത്രം,
ഒരിക്കലും,ഞാൻ നിന്നിലുണ്ടായിരുന്നില്ലെന്ന വാക്ക്,
അതിൽ ഞാന്നെന്നെമറക്കണം എന്റെ പ്രണയം മറക്കണം,
ഒരുപൂവായ് നീയെനിക്കേകിയൊരീണം മറക്കണം....

എന്നെ ഞാനായിന്നുനല്കാൻ കരതലം കവർന്നവൻ,
അവനായ് ശ്വസിക്കണം ഇനിയുള്ള നാളുകളെങ്കിലും
മടങ്ങുക നിന്റെ വഴികളിലെന്നോവന്നൊരീപ്പൂവിനെ,
ഓർക്കാതെ ഓർമ്മയിൽ കൊരുക്കാതെ നീങ്ങുക
ഇനി ഞാൻ വരില്ലനിൻ ശ്വാസങ്ങളിൽ സിരകളിൽ,
രക്തമുറഞ്ഞൊരു ശൂന്യതയാണ്‌ നീ എനിക്കിന്ന്
സ്വരമൊഴിഞ്ഞ മുളം തണ്ട്പോലെ പ്രണയം വറ്റിയ,
വസന്തം പോലെ എനിക്കുറങ്ങണം ഒന്നുമോർക്കാതെ.....

**********************************************************

3 അഭിപ്രായങ്ങൾ:

 1. നന്ദി എന്‍റെ പ്രണയമേ...
  ആവില്ലെനിക്കൊരു അരവാക്കുരിയാടാന്‍.
  അത്രമേല്‍ എന്‍റെ വാക്കുകള്‍ സമരം നയിക്കുന്നു.
  ഒരുവേള, സ്വാതന്ത്ര്യം കൊതിപ്പൂ
  ക്ഷമയൊന്നുരിയടാന്‍ പാപിയാം
  എന്‍റെ ഇന്നുമിന്നലെകളും.
  നേര്‍ത്ത പ്രത്യാശയുടെ കിരണം ജനിപ്പൂകിലും
  വാമഭാഗമരുള്‍ ചെയ്ത ഔദാര്യ പാതയില്‍.
  തീക്ഷ്ണമാം സ്നേഹത്തിന്‍റെ
  വഴക്കമില്ലാത്ത ആചാര നിര്‍ബന്ധവും.
  അസഹ്യമാം കുറ്റവിചാരണയില്
  അര്‍ഹിക്കുന്നതെന്തോ..? p

  മറുപടിഇല്ലാതാക്കൂ
 2. കവിത എനിക്കിനങ്ങില്ല എന്ന തോന്നലാണോ ന്നറിയില്ല അഭിപ്രായം എഴുതാന്‍ ഒരു പേടി .അറിയാത്തത് പറയല്ലേ സഹോദരീ എന്ന് പറയുമോ കണ്ണന്‍ ?ഇല്ല എന്ന് ഉറപ്പിച്ചു കൊണ്ട് പറയട്ടെ ....കവിത വല്ലാത്ത നൊമ്പരം നല്‍കുന്നു എന്നാല്‍ അതിലേറെ മനസ്സിനൊരു ആശയകുഴപ്പതിനും വകനല്‍കുന്നു ...എല്ലാം കൂടി ,കൂടി ചേരുമ്പോള്‍ ഈ കവിത ഒരു മഹാ കാവ്യമായി മാറാനുള്ള ചാന്സ് നാന്‍ മുന്നില്‍ കാണുന്നു ...ആശംസകളോടെ ....സോന്നെറ്റ്

  മറുപടിഇല്ലാതാക്കൂ
 3. സോണെറ്റ്, പ്രിയ സോദരി....ഒരിക്കലും എന്നെ ഒരു കവിയെന്നു വിളിക്കരുത് കാരണം ഞാനിനിയും എന്നെ അംഗീകരിച്ചിട്ടില്ല....അഭിപ്രായം പറയാൻ ഒരിക്കലും മടിക്കരുത് എനിക്കാവശ്യവും അതാണ്.....ഇത് എന്റെയും നൊമ്പരമായിരുന്നു, മൂന്നു ജീവിതങ്ങൾ എന്നിലൂടൊഴുകിപ്പരന്ന നിഴല്പാടുകൾ.....ആ നൊമ്പരങ്ങൾ ഒന്നു പകർത്താൻ ശ്രമിച്ചു അത്രമാത്രം...നന്ദി സ്നേഹമേ നിന്നിൽനിന്നും ഒരു വാക്കു കേൾക്കാൻ സാധിച്ചതിൽ ഞാൻ ധന്യൻ........കണ്ണൻ....

  മറുപടിഇല്ലാതാക്കൂ