എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

രാധാമാധവം (കവിത)

രാധാമാധവം
ഒരിക്കലവളെന്റെ
പുറം ചാരിയിരുന്നവൾ,
കാമസായകങ്ങളാലെൻ
ഏകചര്യം കവർന്നു നീ
എൻ‌മെയ്‌കറുപ്പിൽ
ചുവന്നചുണ്ടുകൾ പതിച്ച്,
കൺകളിലൂതിയെൻ
മയില്പീലിയഴിച്ചുവച്ചു...

മെതിയടിയഴിച്ചൊതുക്കി
നിൻ നാഭിയുമേകി,
പീതാംബരമുലച്ചെൻ
വേണുവും കവർന്നെടുത്തു...

പരിഭവപ്പാടുകളാലെന്നെ
പരിരംഭണം ചെയ്തവൾ,
പട്ടുമെത്തയിലെന്റെ
അഗ്നിയുമുടച്ചെറിഞ്ഞു..

ഉഷ്ണം തോർന്നരാത്രിയിൽ
പാതിമയക്കമുണർന്ന്,
വിരലുകൾ പരതിയുണർന്ന
ഇരുൾയാമങ്ങളിൽ
ഒഴിഞ്ഞുപോയൊരാ കുളിർ
മാരുതനുണർന്നനേരം
ഇന്ദ്രിയങ്ങളിൽ പൂത്തത്
വനമുല്ലതൻ ഗന്ധം മാത്രം..
*************************



2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

മുഖപുസ്തകം (കവിത)

മുഖപുസ്തകം

പുതുപുലരിയിൽ സൗഹ്രുദമൂട്ടുവാൻ
കൂട്ടായിരിപ്പവർ... വേദന,
മറുവാക്കോതിയണക്കുവോർ
കഥയായ് കവിതയായ് ആത്മ-
നൊമ്പരങ്ങളിലൂഴം തിരഞ്ഞ്
കണ്ണീരിൽ പുഞ്ച്ചിരിപ്പൂക്കൾ
വിരിയിക്കും നിറസൗഹൃദങ്ങൾ

ഇണങ്ങിയും പിണങ്ങിയും തല്ലിയും
തങ്ങളിൽ സ്നേഹമുണർത്തുവോർ
ഇവിടെയീ പുസ്തകത്താളുകളിൽ
ആരുമറിയാമുഖങ്ങളിൽ തേടിയും
പുഞ്ചിരിയാലൊരായിരം നിറങ്ങൾ
ക്ഷേമമായ് ഹൃദയം തുറക്കുന്നവർ

ആരുനീയെന്നു ചോദ്യമുണരുമ്പോൾ
ഒന്നുപകച്ചും പിന്നൊന്നു ചിരിച്ചും
എന്റെ കവിതയിൽ നിൻ
ഇഷ്ടം ചേർക്കാമോ,മറുവാക്കുനല്കുമോ
എന്നുചോദിക്കാൻ തുടിക്കും
ഹൃദയമേന്തും അക്ഷരമൊരുക്കുവോർ

ചിലപ്പോൾ പൂത്തും തളിർത്തും
പ്രണയവും വിരിയുന്നു, കൊഴിയുന്നു
പരിഭവപ്പാടുകളിനീണം തിരക്കുന്ന
വിരഹാർദ്രമീറൻ നിലാവും

ചതിയൂട്ടിയകൺകളിൽതൊടുത്തും
വിടരും ചിരികളിൽ, വർണ്ണങ്ങളിൽ
പേർത്തുംതിരഞ്ഞും ബലിചരങ്ങളും
ആരുമറീയാതെ ഒഴുകുകയാണ്‌

ഒടുവിലൊരു വാല്ക്കഷ്ണമുരുവിടുന്നു
മോഹമുണർത്തി സിരകളിലേറ്റി,
സ്നേഹമായ് കൊടുത്തതൊക്കെയും
തിരികെവേണമെന്ന് നിനയ്ക്കാതിരിക്കാം...
**********************************