എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

തിരച്ചിൽ (കവിത)

തിരച്ചിൽ....

ചേർത്തുപോയവളെന്നെയാ ചാരത്ത് പകുത്തും,
പാർത്തും പശിയോടുമവൾക്കായ് ഞാനും
കാത്തിരുന്നതും കാണാതെ,കാലമറിയാതെ
പോർമേഘമായെന്നിലാ മുഴക്കങ്ങൾ മുകിലുകൾ

നുരയഴിച്ചിട്ട നിലാസാഗരമൊരുക്കിയവൾ
കൊതിയോടേയെൻ മോഹമുണർത്തുമ്പോൾ
രാസലീലാലഹരിയാം കൈതവം, കണ്ണിൽ
ഉറക്കമൊഴിച്ചീറൻ ചുമടുകൾ താങ്ങുന്നു കാലവും

പുലരിയിലൊരുലാസ്യഭാവം തിരയുന്നതേത് മോഹം
ചിറകുവിരിച്ച മരുതമുണർത്തിയതുമതേ രാഗം
രതിപുണർന്ന കൃഷ്ണപക്ഷങ്ങളിലൊക്കെയും മദം‌-
പൂണ്ട ആത്മരാഗങ്ങളിലാകെയും നാഭിയുടച്ച നാളങ്ങൾ

സായകമൊഴിഞ്ഞൊരാവനാഴിയിൽ തുടിയുണർന്ന്
മരണകോശമുടച്ചറിഞ്ഞ കുന്തമുനകൾ മാത്രം
തീർത്തും തീരാത്ത മോഹങ്ങളുലയൂതിയുണർന്ന
കറുത്ത ബലിക്കാക്കകൾ പറന്നിറങ്ങുന്നു നെഞ്ചിലും

ബന്ധങ്ങളിൽ അരുണം കലർത്തിനിന്നാടുവാൻ,
എനിക്കാവില്ല കപടമുഖം ചേർത്തവൻ ഞാൻ
പ്രണയമൊരുക്കിയ മഷിക്കൂട്ടിനുള്ളിൽ ശുഷ്ക്കിച്ച
വിരലുകൾ ചേർത്ത് മരവിച്ച ഹൃദയം തേടുന്നു

വീണ്ടുമൊരു ഗർഭമായുണരുവാൻ അഗ്നിതേടുന്ന
വൃത്തനിബദ്ധമൊരു കവിതയിലുലയൂട്ടുവാൻ
ജീവാക്ഷരം പെറുക്കിവച്ചായിരം നന്മയൂട്ടാൻ
സ്വച്ഛന്ദമൊരു നദിയായൊഴുകുവാൻ ഭഗീരഥി തേടുന്നു..
............................................................................................

1 അഭിപ്രായം: