എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

മദദ്രവതാളങ്ങൾ (കവിത‌)

മദദ്രവതാളങ്ങൾ.........

വാക്കിനാൽ കരൾ കടഞ്ഞ് കുത്തിയെടുക്കുകയാണ്‌ നൊമ്പരം
കണ്ടിരിക്കവെ കണ്ണിൻ നിറം മാറിയ രക്തസ്വാനം
എപ്പഴോ വീശിയ മദം മണത്ത മാരുതം ചുറ്റിയുഴിഞ്ഞ്
ചെവിയിലേക്കു ചുടുകാറ്റൂതി ഞാനാ കണ്ണു നിറച്ചവൻ

കൈകൂപ്പിയെൻ നെഞ്ചുതൊട്ടു കേണുവല്ലോ അവൾ
കഴിയാഞ്ഞതെന്തേ വിറയാർന്ന ഹൃദയത്തിൻ തേങ്ങൽ കേല്ക്കാൻ
കത്തിപ്പടർന്ന കാമം തിമിരമായൂതിയതാണെന്റെ വെളുപ്പിനെ
ചുരമാന്തിയുണർന്നൊഴുകിയതെല്ലാം മദദ്രവതാളങ്ങൾ

വസന്തമായ് വിരിഞ്ഞുനിന്ന പ്രണയം ഒരു മാത്ര നിറമടർന്ന്
കല്മഷഗന്ധം വിടർത്തിയ നരപിടിച്ച കറുത്തബോധമായി
കാറ്റുണരാത്ത രാവിൻ നിശ്ശബ്ദതത മാത്രമായ് അവളിൽ
രാഗമൊഴിഞ്ഞു ചിതറിയ തംബുരുവിന്റെ ചിലമ്പിച്ച സ്വരം മാത്രം

തിരിച്ചെടുക്കാനാകില്ലെൻ തിളച്ചവാക്കുകൾ ഗതിയറ്റ വീർപ്പുകൾ
കണ്ണുകൾ കോർത്തുപിടിക്കാനാകാതെ താഴെ നിലം പരതുന്നു
മറുവാക്കു ചൊല്ലാൻ അക്ഷരങ്ങൾ പരതുന്ന ചുണ്ടുകളിൽ വരണ്ട,
ഉപ്പുകാറ്റ് കരുവാളിച്ച വികൃതമായ മുഴക്കങ്ങൾ മാത്രം നിറയുന്നു

എങ്കിലും അറിവു പരന്ന ബോധം പിടയുമ്പോൾ, വയ്യ,
ഇനിയെനിക്കാ പൊള്ളുന്ന നെഞ്ചിലൊരിറ്റു സ്നേഹം നിറക്കണം
എന്നിലെ പ്രണയം നീയായിരുന്നെന്ന ക്ഷമയുണർത്താൻ
പിരിയാതിരിക്കാൻ, മിഴികളിൽ മൗനമാം നിൻ സ്നേഹം കവരണം

തരിക നിൻ കാറ്റടർന്ന മൗനം തിരക്കുന്ന ഹൃദയസ്പന്ദനങ്ങൾ
തരിക നിൻ കലങ്ങിയ കൺകോണിലൂറുന്ന അശ്രുകണങ്ങൾ
പകരം നല്ക്കാം എന്റെ പ്രണയമുണർന്ന പുലരികൾ, സന്ധ്യകളും
സിരകളിൽ പൂക്കുമൊരു ചെമ്പനീർപൂവായ് നിന്നിലേക്കൊഴുകുന്നു ഞാൻ മടക്കമില്ലാതെ...

******************************​ ***********************************

2011 ജൂലൈ 30, ശനിയാഴ്‌ച

കാത്തിരിപ്പ് (കവിത)

കാത്തിരിപ്പ്....

നിദ്രപുണരാൻ ഇനിയുമേറെ ദൂരം താണ്ടണം മൗനം നിറഞ്ഞ-
കാഴ്ച്ചകൾ ഇരുളുകനക്കുന്ന വഴിയിലേക്കുമാത്രം

കൂർപ്പിച്ച കണ്ണുകൾ ഉറവുമറന്നോരു മന്ത്രജപം ചവയ്ക്കയാണ്‌
ചുളിവുകൾ വീണകൺതടം കവർന്ന നനവിനാൽ

കാഴ്ച്ച പതുക്കെ മറയ്കയായ്‌ മെല്ലെ തണുത്തൊരു സ്പർശം,
ചുമലിൽ.. പൊൻചരട്‌ നിഴലായ്‌ ഏറ്റുവാങ്ങിയവൾ

ഇന്നും പ്രത്യാശ ഞരമ്പടർന്നിറങ്ങും ചുളിവാർന്ന കൈത്തലം,
കവർന്ന്‌ ഇരുട്ടിലേക്ക് ചുഴിഞ്ഞുനോക്കുകയാണ്‌

ഓർമ്മയിലൊരു കുഞ്ഞുപാദം എൻ നെഞ്ച്‌ ചവിട്ടടിനീന്തിയുണർന്നവൻ,
ചേലൊത്ത പുഞ്ചിരിയിൽ സ്നേഹഗീതം നുകർന്നവൻ

പടിയിറക്കിയൊരുറവ് പാടിപ്പതിഞ്ഞ താരാട്ടിലീറൻ,
തുടിയുണർന്ന‌നെഞ്ചകം,നിശ്ശബ്ദമൂറുമൊരു മാതൃവിലാപം

പൊന്നിലരച്ച് വയമ്പാൽ നാവിലൂറിയ മധുരമെത്രനാളേകി,
ചെമ്മേ പൊന്നരഞ്ഞാണവും കിങ്ങിണികെട്ടിയ കാൽത്തളയും

സ്നേഹമൊഴുക്കാൻ ബാക്കിയായൊരു ശുഷ്ക്കിച്ച മാറിടം,
തേങ്ങിയെൻ ചാരെയിരിപ്പൂ നിന്നമ്മ, നീയുറങ്ങിയ ഗർഭപാത്രം

നിനക്കറിയില്ല നിന്നോർമ്മയിലതുണ്ടാകില്ല ദിനങ്ങളെത്ര ഉണ്ണാതെ-
യുറങ്ങാതെയിരുന്നവൾ, നേർത്തൊരു ശ്വാസമായിരുന്നു നീ

നീ കണ്ടുവോ ഒരു നിണപ്പാടിന്നും നെറ്റിയിൽ കൊണ്ടുനടപ്പൂ,
മൗനമായ് മൃതിയോട് നിന്നെ യാചിച്ചൊഴുക്കിയതാണത്

അടഞ്ഞ നിൻ കൺപീലികളിൽ തളർന്നുറങ്ങും ദേഹത്തിനും
ചുണ്ടുകളിൽ അമൃതമൂറി പലവുരു പ്രണൻ പകർന്നവൾ

എങ്കിലും പരിഭവപ്പാടുകളിലാതെ ഒരു നുള്ളു സ്നേഹം താഴാതെ
നിനക്കായ്‌ കാത്തിരിക്കയാണ്‌ ഞങ്ങൾ ഈ വൃദ്ധസദനത്തിൽ

************************************************