എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ഞാനും ഈശ്വരനും.

         എന്നിലെ ഈശ്വരനിശ്ചയം എന്താണെന്ന് പലരും ചോദിച്ചതിൽ ഞാൻ ഉത്തരമായി നൽകിയിട്ടുള്ളതും ഇനി നൽകാനുള്ളതും ഇതുമാത്രമാണ്.......എന്നിലെ ഈശ്വരനിശ്ചയം എന്നതുതന്നെ ഈ കാണുന്ന പഞ്ചഭൂതാക്രിതിയാണ്.....എന്നിലെ ധർമ്മം തന്നെയാണ് ഞാൻ സ്വയം അന്വേഷിച്ചറീയുന്ന എന്റെ കർമ്മവും....ഈ പ്രപഞ്ചത്തിനോടുള്ള ഏതൊരു ജീവജാലങ്ങളിലും സത്തയായി ഉൾകൊണ്ടിരിക്കുന്ന ധർമ്മം....ആ കർമ്മം ഞാൻ അറിഞ്ഞു ചെയ്യുക എന്നതെന്നിൽ ഉൾക്കൊള്ളുമ്പോൾ ഞാൻ ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങൾക്കും പ്രിയമാകുന്നു അവർ തിരിച്ചെനിക്കും പ്രിയമാകുന്നു.....ഇനി ഞാൻ എന്നത് എന്റെ ആത്മബോധമാണെന്ന നിശ്ചയത്തേക്കുറിച്ച് ഞാൻ പറഞ്ഞു.....അതേ ആത്മബോധം : ഈ പ്രപഞ്ചം ഏതുരീതിയിൽ ഈശ്വരനിൽ ആവിർഭവിച്ചുവോ....അതായത് അമൂർത്തമായ ഏതൊന്ന് മൂർത്തമായി ഭവിച്ചുവോ ആ ഭൂതാത്മകം തന്നെയാണെന്റെ ആത്മബോധവും.....ഭവിച്ചതെന്തോ അത്  ഭൂതം....ഈ കാണുന്ന പ്രപഞ്ചം മുഴുവൻ ആ പഞ്ചഭൂതങ്ങളിൽ അധിഷ്ടിതമാണ്....എന്റെ ശരീരമാകുന്ന ക്ഷേത്രത്തിലെ ആത്മബോധമാകുന്ന എന്നെ തന്നെയാണ് ഞാൻ ഈശ്വരന്റെ പഞ്ചഭൂതാക്രിതിയിലൊരംശമായി തെളിവായി സ്വീകരിക്കുന്നതും നിശ്ചയിച്ചിട്ടുള്ളതും..എന്റെതന്നെ ക്ഷേത്രമായ ശരീരത്തിലെ ആത്മബോധമെന്ന പ്രജ്ഞയെ തിരിച്ചറിയുമ്പോൾ ഞാൻ ക്ഷേത്രജ്ഞനെന്നും നാമരൂപിയാകും....അങ്ങനെ ഓരോരുത്തരും ക്ഷേത്രജ്ഞൻമാരാകുവാനുള്ള തിരിച്ചറിവാണ് അവനവനിലെ തന്നെ ധർമ്മത്തെ അറിയുക എന്നത്, അവനവനെ തന്നെ അറിയുക എന്നത്........!!

        ഇനി വിശ്വാസം എന്നത്.....വിശ്വാസവും യാഥാർത്ഥ്യവും തമ്മിൽ തുലോം വിപരീത ധ്രുവങ്ങളായിരിക്കുന്നു........ വിശ്വാസം എന്നാൽ പകുതി അകത്തും പകുതി പുറത്തും എന്നുതന്നെയാണ്...അതായത് വേണമെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ തള്ളിക്കളയാം.....എന്നാൽ നിശ്ചയിക്കപ്പെടുന്നത് നമ്മുടേ തന്നെ അന്വേഷണാത്മകമായ യാത്രകളിലെ ജ്ഞാനസംയോഗമാണ്...അവിടേ യാത്രയിൽ നമുക്കു പലതിനേയും സംശയത്തോടേ തന്നെ നിരീക്ഷിക്കേണ്ടി വരുന്നു...അതിനെ വിശ്വാസമെന്നു വിളിക്കാം....എന്നാൽ..അതു നിശ്ചയിച്ചുകഴിഞ്ഞാൽ ഞാനും ഈ പ്രക്രിതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം......!!

            സ്വർഗ്ഗ-നരകങ്ങൾ.......കാല്പനീകമായ മനുഷ്യന്റെ കുറുക്കുവഴികൾ മാത്രം.... അതൊക്കെ കുട്ടികൾ വായിക്കുന്ന ചിത്രകഥാപുസ്തകങ്ങളിലെ രസകരമായ കഥകളായി മാത്രമേ കാണാൻ കഴിയൂ....മനുഷ്യന്റെ രജോ തമോ ഗുണങ്ങൾ തന്നെയാണ് അവന്റെ കർമ്മങ്ങളിലെ സ്വർഗ്ഗനരകങ്ങളെ തീരുമാനിക്കുന്നത്.....എന്നിലെ ധർമ്മത്തെ ഞാൻ തിരിച്ചറിയുമ്പോൾ അതെന്നിൽ അനുസ്യൂതം പുലരുമ്പോൾ ഞാൻ എനിക്കും മറ്റുള്ളവർക്കും സ്വർഗ്ഗമെന്ന സാമീപ്യത്തെ ഉളാവാക്കുന്നു....അധമമായ ഗുണങ്ങളിൽ എന്റെ കർമ്മങ്ങൾ സ്ഥിരപ്പെടുമ്പോൾ നരകം എല്ലാ അർത്ഥത്തിലും ഞാനാകുന്നു..........ഓരോ വ്യക്തിയും ആദ്യം അവനവൻ എന്താണെന്ന തിരിച്ചറിവിലൂടേ മാത്രമേ ഈ പ്രപഞ്ചത്തെ തിരിച്ചറിയു.....ചിലരത് കർമ്മങ്ങളിൽ ആദ്യകാലങ്ങളിൽ തിരിച്ചറിയുന്നു...മറ്റു ചിലർ മറ്റുപല സന്ദർഭങ്ങളിലും......ജ്ഞാനം എന്നത് എല്ലാവർക്കും ഒരേപോലെ കിട്ടാത്തതും അതുകൊണ്ട് തന്നെ....ജ്ഞാനം കിട്ടിയവരെ കിട്ടാത്തവർ പരിഹസിക്കുന്നതുപോലെ കിട്ടിയവർക്ക് കിട്ടാത്തവരെ പരിഹസിക്കാനാവില്ലതന്നെ.....കാരണം കിട്ടാതിരുന്ന അവസ്ഥയിൽ നിന്നുമാണ് പരമമായ ആ ജ്ഞാനത്തിന്റെ ലഭ്യതയുടേ തലത്തിലേക്ക് കടന്നു ചെല്ലുന്നത്.....അവിടേ വേർതിരിവുകളോ കാലുഷ്യമോ അഹംഭാവമൊ സ്വാർത്ഥതയൊ ഒന്നുമുണ്ടാകില്ല സ്ഥിതപ്രജ്ഞമായൊരു പൂർണ്ണതയെ നാം തിരിച്ചറിയും........ഞാനും അത് കുറേശേ തിരിച്ചറിഞ്ഞു തൂടങ്ങുകയാണ് ..അതുകൊണ്ട് തന്നെ ഈശ്വരനെ നിശ്ചയിച്ചവരേയും ഈശ്വരനില്ല എന്ന് വാദിക്കുന്നവരേയും ഒരേപോലെ കാണാനും സ്വീകരിക്കാനും കഴിയുന്നു... ഞാൻ എന്ത് എന്നെന്നോട് ചോദിക്കുമ്പോൾ അതെന്റെ പരമമായ ആത്മബോധമാണ് എന്ന് എനിക്ക് പറയാൻ കഴിയുന്നത്.....ആ ആത്മബോധം എന്നിൽ നിറയുന്ന ഈശ്വരനായി ഈ പഞ്ചഭൂതങ്ങളേയും കാണുകവഴി ഞാനെന്റെ ധർമ്മത്തെ സ്വീകരിക്കുന്നു...........“ യതോ ധർമ്മ സ്തതോ ജയ “.........!!!

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

പുകമണം (കവിത)

പുകമണം....

ഇനിയും വേവാതിരിക്കുന്ന
ആത്മാവിനെ നോക്കി
പൊള്ളിപ്പിടയുന്ന ഓർമ്മകളെ
കനൽ ഊതിയുണർത്താം
ഒടുവിൽ വെന്തു കരിയുന്ന
ഗന്ധത്തിൽനിന്നും പുകമണക്കും
ജീവന്റെ ഓട്ടുരുളിയിലെ
കരിയാൽ നിലത്തെഴുതണം

എത്ര തിരഞ്ഞിട്ടും എനിക്കെന്റെ
ഹൃദയം കാണാനാകുന്നില്ല,
അവനോടും ചോദിച്ചു നോക്കാം
ഒരിക്കൽ കടം വാങ്ങിയ എന്റെ
ഹൃദയം നീ കണ്ടുവോ എന്ന്
അവൻ തീർച്ചയായും പറയും
ഇനിയും എനിക്കതു കാണാൻ
കഴിഞ്ഞിട്ടില്ല അന്നും

അതാരുവശം കൊടുത്തു നീ
ആരുമറീയാതെ,എന്നിട്ടും
എന്തെ എന്നിൽ തിരയുന്നു
മറൂപടിയില്ലാതെ ഞാനത്
എവിടേയോ വച്ചു മറന്ന
അരണയേപ്പോലെ പതുങ്ങുന്നു
പിന്നേം വന്നിടം പോലും
മറന്നുപോകുന്നു എങ്കിലും
ചുറ്റും നിറയുന്നത് വേവും നോവിന്റെ
കരിഞ്ഞ പുകമണം മാത്രം....
............................................................

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ഉജ്ജയിനിയിലെ കലാകാരൻ (കവിത) വരകളിലൂടേ, വർണ്ണങ്ങളിലൂടേ എന്നെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാരന് സമർപ്പണം....

ഉജ്ജയിനിയിലെ കലാകാരൻ.
---------------------------------

ഉജ്ജയിനിയിലെ പ്രിയ കലാകാരാ
ആരായിരുന്നു നീയെനിക്ക് ഇന്നലേകളിൽ
നൂൽ പാടിനോളം പരിചിതർ ആയിരുന്നില്ല
കർമ്മബന്ധങ്ങളിൽ പരിചയം ഭാവിച്ചവർ
ഞാൻ നിന്റെ കാല്ക്കൽ പ്രണമിച്ചത് നീതന്നെ,
ഞാൻ എന്നതിരിച്ചറിവിൽ ആയിരുന്നു
നിന്റെ വരകളിൽ വർണ്ണങ്ങളിൽ
അഭൗമമാമൊരു വിസ്മയം കാണ്മു ഞാൻ
എങ്ങുനിന്നോ എന്നെ തിരയുമൊരു
വേണുസ്വാനവും ഓഴുകിയെത്തുകയാണ്‌
കരാംഗുലികളിൽ കാഴ്ച്ചകൾ ഒരുക്കുന്നു
മുളംതണ്ടാൽ സപ്തസ്വരങ്ങളും വിരിയിക്കുന്നു
ഏതുവക്കാൽ ചൊല്ലണം ഞാൻ
നന്ദി, ഏതുവാക്കാൽ സ്നേഹിക്കണം നിന്നെ
കാണും തോറും അവാച്യമാകുന്നു ചിത്രലേഖം
അറിയും തോറും വിസ്മയവുമാകുന്നു നീയും
നിഗൂഢമാം പ്രണയം വിളിക്കുന്നുവോ നിൻ,
പരിലേഖങ്ങളെല്ലാം ആ കാല്പാടുകളെഴുതുന്നു
ഇനിയും ഉയർന്നുണരട്ടെ കല്പ്പനകളുടെ,
രജതമേഘങ്ങളിൽ വിരിയും വർണ്ണവിതാനങ്ങൾ
മേമ്പൊടിയുണർത്താൻ നിൻശ്വാസമൊഴുകും
ഈറത്തണ്ടിലീണം മൂളും നാദമയൂഖങ്ങളും....
പ്രണമിക്കുന്നു ഞാനാ ഈശ്വരസാധനകളേ
പ്രണമിക്കുന്നു വിശ്വനാഭിതൻ ഓംകാരത്തെ.....
-----------------------------------------------------

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

അഗ്നിസായകങ്ങൾ (കവിത)..

അഗ്നിസായകങ്ങൾ...

മൃത്യു ഉഴിഞ്ഞൊരെൻ ശ്രാദ്ധമുണ്ണാൻ
നിരയൊത്ത് അമരും കഴുകുകൾ
തുടിക്കും വാഗിന്ദ്രിയംകടയാൻ കൃപാണ-
മുരയ്ക്കുമനേകം ഔഗ്ര്യരൗദ്രതകൾ
കുടിലതയുടെ ഇഴപിരിയും ചെങ്കണ്ണുകൾ
ഇരതിരയും വിൺകഴുകുപോൽ
നിണക്കൊതിയാൽ വരണ്ട നാവുനീട്ടി
ചുണ്ടുനനയ്ക്കും നഗരചാമുണ്ഡികൾ

ഇന്നിവിടെതളച്ചിടപ്പെട്ടതെല്ലാം
ഇന്നലെകളുടെ പുരാകൃതനിയോഗങ്ങൾ
നാളെ, മറവിയുടെ മാറാലചാർത്തുമൊരു
ചിതൽകരണ്ട ചിതറിയവർണ്ണം
കാലം ചിതകൂട്ടിവെച്ച നൊമ്പരങ്ങൾ
ഞാനറിയാതെപോയതും അതുതന്നെ
നിറമാർന്ന പ്രഭാതങ്ങളും സന്ധ്യകളും
എന്നിൽ ഇരുണ്ട് പോയിരിക്കുന്നു

ഹൃദയം കൊടുത്തവൻ നീട്ടിയൊരുവഴിയിൽ
ഒളിവാർന്ന വിഷദന്തങ്ങൾ
ചികഞ്ഞു നോക്കാനാകാത്തവണ്ണം
കൺകളിൽ കറുപ്പുചാലിച്ചിരുന്നുവോ
പ്രിയമോടവനേകിയ സുഖദകാമനകളെല്ലാം
പാൽ മധുരമെന്നേ കരുതിയുള്ളു
കണ്ണുകൾ കരളാലൂറ്റിയെടുത്തൊരനുകൻ
അരിഞ്ഞുനീട്ടിയതെത്രപേർക്ക്

അവരിലാകെയും ഒരേമുഖമായിരുന്നു
കാമം പുരണ്ടചിരിയിൽ രക്തവർണ്ണവും
വെറിപൂണ്ടചെന്നായ്ക്കളുടെ ചിരിയിൽ
നിർദ്ദാരിതമെൻ തലച്ചോറുതകരുന്നു
ദംഷ്ട്രകൾ നീട്ടും നഗ്നധ്വജോത്ഥാനികൾ
കുടിലനൃത്തം ആടിതിമിർക്കവേ
സോമചഷകം പകരുമൊരുന്മദവീര്യം
പലവുരു തലയിൽ അഗ്നിയേറ്റുന്നു

കുശപം പകുത്ത് ആർത്തിയിൽ ഭുജിപ്പവർ
കർണ്ണംകെട്ടി ശിരസ്സുകുടയവെ
ഊഴം കാത്തുനില്പ്പവരോ പരിഭഗ്നജഡങ്ങളിൽ
ഊർജ്ജമൊഴുക്കാൻ ചൂടേറ്റുന്നു
പ്രണയം മധുവായുണർന്നൊരെൻ
ഭൂതകാലത്തിന്റെ കല്‌പ്പടവുകളിലൊന്നിൽ
എവിടെയാണെന്റെ ചിന്തകൾ ഇഴപൊട്ടിയത്
കാലത്തിന്റെ തിരിച്ചറിവുകളും

അറിവുപകർന്നവർ ചൊന്നതൊന്നും
കാലംകുറിച്ച പാഠങ്ങളാണെന്നതറിഞ്ഞീല
ചിരഭൃതമെൻ ഹൃദയനാദങ്ങളിൽ
കനലുനിറച്ചവൻ ഗൂഢമായ് ചിരിയ്ക്കുന്നു
കൺകളിൽ കണ്ടതൊക്കെയും
രതിഗന്ധകാമതൃഷിതങ്ങളായിരുന്നെങ്കിലും
കപടമൊരു ഹൃദയമേകിയെൻ
സ്വപ്നങ്ങളൊക്കെയും വിലക്കെടുത്തിരുന്നു

പരിധൂപിതമീ നക്ഷത്രസൗധത്തിൽ
കുളിരുപെയ്യും വെൺപട്ടുതല്പ്പങ്ങളിൽ
വിവൃതമെൻ ഇന്ദ്രിയങ്ങളിൽ പൊടിഞ്ഞത്
രക്തം പുരണ്ട വിയർപ്പുകണങ്ങൾ മാത്രം
കറുത്ത രതിയുടെ അസംഖ്യം വഴികളിൽ
അവശേഷപ്രജ്ഞയും ഉടയുമ്പോൾ
നിറമടർന്ന ചിന്തകുറുകുന്നൊരെൻ
കാഴ്ച്ചകൾചുറ്റും പരതിനടന്നിരുന്നു
*********************************

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

വളർന്നു വരുന്ന ഒരു യുവതാരത്തിനോട് നമ്മൾ കാണിക്കേണ്ട ധർമ്മം ഇതാണോ...??



തനിക്കറിയാവുന്ന വിഷയങ്ങളിൽ ‌ഒരാൾ സ്വന്തമായി അഭിപ്രായം പറയുന്നു എന്നത് വളരെ വലിയ ഒരു ന്യൂനതയായി കാണുന്നു എന്നതാണ് മലയാളികളുടെ പ്രശ്നം എന്നു തോന്നുന്നു.......വളരെ കുറഞ്ഞകാലയളവിൽ ഇത്രത്തോളം പ്രശസ്തിയുണ്ടായൊരു യുവാവിനോട് തോന്നുന്ന മലയാളിയുടെ സ്വാഭാവികമായ, തനിക്കിഷ്ടമല്ലാത്ത രീതിയിൽ പ്രതികരിക്കുന്ന അല്ലെങ്കിൽ സംവേദനം ചെയ്യുന്ന ഒരാളെ അംഗീകരിക്കാൻ കഴിയുന്നില്ല എന്ന വികലതയാണ് പ്രിഥ്വിയോട് ഇന്നു കാണിക്കുന്ന വിവേചനം...അത് ഒരു പരിധിവരെ അദ്ദേഹത്തിന്റെ ജോലിസംബന്ധമായ മേഖലയിൽ നിന്നും വളരെ ശക്തവുമാണ്...ശരിയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ പലഭാഗത്തും ഒരു നിഷേധിയുടേ സ്വരം കടന്നു വന്നിരിക്കാം,സഹനടന്മാരായ മുതിർന്ന താരങ്ങളേപോലും വിമർശിക്കുന്ന തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നു എന്ന പരാതികളും ധാരാളം.....ഇതൊക്കെ പർവ്വതീകരിക്കാൻ നമ്മുടേ മാധ്യമങ്ങൾ പോലും വളരെ കഷ്ടപ്പെടുന്നുണ്ട്...ഇതെല്ലാം കേവലം വ്യക്തിപരമായ ഒരു അഭിപ്രായങ്ങൾക്കപ്പുറം നാമത് എന്നും കൊണ്ടുനടക്കാനുള്ള വിഴുപ്പു ഭാണ്ഡമായി ചുമക്കുന്നു, അദ്ദേഹത്തിന്റെ കുടുംബത്തേപ്പോലും താറടിക്കുന്ന നിലയിലുള്ള വിലകുറഞ്ഞ തമാശകളായി ചർച്ചകളിൽ ഇടം പിടിക്കുന്നു..ഒരു കലാകാരനായ‌ വ്യക്തിക്ക് തന്റെ പ്രവർത്തനമേഖലയിലെ കലാപരമായ വശങ്ങളുടേ നല്ലതും അല്ലാത്തതുമായ വിമർശനങ്ങൾ കേൾക്കണ്ടി വരും സ്വാഭാവികമാണ്...ഇത്ര ചെറുപ്രായത്തിൽ തന്നെ സിനിമയുടേ സാങ്കേതികമായ വശങ്ങളിലെ അറിവുകളേ സ്വായത്തമാക്കുകയും അവയെ സ്വന്തം കഴിവിനോട് ചേർത്തുവച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം നമ്മുടേ മലയാളം സിനിമാ രംഗത്ത് ഉണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്.... തന്റേതായ ചിന്തകളേ വളരെ ആത്മവിശ്വാസത്തോടേ തുറന്നു പറയാൻ കാണിക്കുന്ന സ്ഥൈര്യത.......മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതവിടേയാണ് പ്രിഥ്യുരാജെന്ന നടനെ.....എന്നാൽ ഒരു മലയാളി അത് ആണായാലും പെണ്ണായാലും ഇന്ന രീതിയിൽ മാത്രമേ പെരുമാറാൻ പാടുള്ളു എന്ന് ദുരഭിമാനവും അസൂയയും മാത്രമാണ് മലയാളിയുടേ കൈമുതൽ.....പിന്നെ തനിക്കു ഒന്നും കഴിയുന്നില്ലല്ലോ എന്ന ജാള്യതയും.......പിന്നെ കടന്നാക്രമണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നേർക്കായി.....ഒന്നു ചോദിക്കട്ടേ ആരോടെങ്കിലും പ്രിഥ്വീരാജെന്ന വ്യക്തി ....വ്യക്തിപരമായി ഒരു ദ്രോഹം ചെയ്തിട്ടുണ്ടോ....ഇനി അദ്ദേഹത്തിന്റെ കുടുംബത്തിലെ കാര്യങ്ങളിലേക്ക് കടന്നുചെല്ലാൻ താത്പര്യം കാണിക്കുന്നവർക്ക് സ്വന്തം വീട്ടിലെ എല്ലാ പ്രശ്നവും തീർത്തിട്ടുതന്നെ ഇറങ്ങുകയാവില്ലേ നല്ലത്.......ആദ്യം മറ്റൊരാളുടേ കഴിവിനെ അംഗീകരിക്കാൻ ശ്രമിക്കാം നമുക്ക് ..ഇത്രയും ചെറീയ പ്രായം കൊണ്ട് സിനിമ എന്ന കലാതട്ടകത്തിൽ തന്റേതായ ഒരു വഴി വെട്ടിത്തുറന്ന ഒരു മനുഷ്യന് സാധാരണ ആരെയും എന്നപോലെതന്നെ മറ്റുള്ളവർക്ക് അംഗീകരിക്കാവുന്നതും അല്ലാത്തതുമായ സ്വഭാവ വശങ്ങളുണ്ടാകും നമ്മളും അതിൽ നിന്നും വ്യത്യസ്ഥരല്ലല്ലോ.....അദ്ദേഹത്തിന്റെ കുറ്റവും കുറവുകളും കണ്ടുപിടിക്കാൻ ആഗ്രഹിക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക....ഒരു ആത്മ പരിശോധന നടത്തുക നമുക്കു കഴിയുന്നുണ്ടോ മറ്റുള്ളവരുടേ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവൃത്തിക്കാൻ എന്ന് , അവരുടെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ എന്ന്.....അദ്ദേഹത്തെ നമ്മളേപ്പോലെതന്നെ ഒരു വ്യക്തിയായി കരുതാനുള്ള സാമാന്യ മര്യാദ നമുക്കു കാണിച്ചുകൂടേ...?...സിനിമകളിലും, ടി വി ചാനലു‌കളിലും മറ്റു മാധ്യമങ്ങളിലും മാത്രം കാണുന്ന ആ വ്യക്തിയോട് നമുക്കെന്ത് ബന്ധം എന്നൊന്നു ചിന്തിക്കുക....വ്യക്തിപരമായി യാതൊരു അടുപ്പവുമില്ലാത്ത ഒരാളെക്കുറിച്ച്  നാം സ്വയം വിലകെടുത്തുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് എന്ത് മാനസീക സംതൃപ്തിയാണ്  കൈവരിക്കുന്നത്.....മറ്റൊരാളുടേ ദുഖങ്ങളിൽ സന്തോഷിക്കുന്നവനാണോ യഥാർത്ഥമനുഷ്യൻ....ആരാണ് പൂർണ്ണനായിട്ടുള്ളത്.....മറ്റൊരാളെ ദുഷിക്കുമ്പോൾ നാം നമ്മളെ തന്നെ ദുഷിക്കുന്നു..............ചിന്തിക്കുക....ധാർമ്മികത എന്നതു മറ്റുള്ളവർ നമ്മളോട് പെരുമാറേണ്ടതാണ് എന്ന ചിന്തയാണോ നമുക്കു വേണ്ടത്......!!

”ഉദ്ധരേദാത്മാനം നാത്മാനാമവസാദയേത്
ആത്മൈവ ഹ്യാതമനോ ബന്ധുരാതൈ രിപുരാത്മനഃ“

ഒരുവൻ തന്നെ സ്വയം ഉയർത്തേണ്ടതാണ്‌, തന്നെ സ്വയം താഴ്തരുത്, താൻ തന്നെയാണ്‌ തന്റെ ബന്ധു...താൻ തന്നെയാണ്‌ തന്റെ ശത്രുവും എന്നറിയുക.......... ഭഗവദ് ഗീത : 6 :5.....

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

എന്റെ ബാല്യം (കവിത)

എന്റെ ബാല്യം.....

തെച്ചിയും പിച്ചിയും തുമ്പോലക്കതിരും
തേങ്ങയും മാങ്ങയും കാച്ചിൽ പടവലവും
തത്ത ചെമ്പോത്ത് അണ്ണാറക്കണ്ണനും
തുടിയുണരുമെന്റെ തൊടിതന്നെയെന്നും

ചെമ്പകം പൂത്തതും ചോലയുണർന്നതും
മാമ്പൂ വിരിഞ്ഞതും മഴവില്ലുതിർന്നതും
കാകനും കൂമനും കാറ്റാടി തൈകളും
കൂർച്ചുണ്ട് രാകിമിനുക്കും താലിക്കുരുവികളും

കൈതപ്പൂ കാറ്റത്തുലഞ്ഞ കൈപ്പാടങ്ങൾ
പച്ചിലപ്പാടം പലതായ് വരമ്പിട്ട പുലരിയിൽ
കാറ്റുപുലർന്നതും പുളിയിലക്കരമുണ്ടുലഞ്ഞതും
കാവും കരുമാടിയുമിമ്മട്ടിൽ വിളക്കായിരുന്നതും

ചൂണ്ടയെറിഞ്ഞും കളിപ്പന്താടിയും കുമ്മികളിച്ചും
നിറ ബാല്യമൊന്നിങ്ങനെ ഓർമ്മയായ് തെളിയുന്നു
ഓണം വിഷു വാവുസംക്രാന്തിയും മോദമായേകിയ
മനോജ്ഞമൊരു ഗ്രാമമെനിക്കുണ്ടായിരുന്നു...
.......................................................................................

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

തിരച്ചിൽ (കവിത)

തിരച്ചിൽ....

ചേർത്തുപോയവളെന്നെയാ ചാരത്ത് പകുത്തും,
പാർത്തും പശിയോടുമവൾക്കായ് ഞാനും
കാത്തിരുന്നതും കാണാതെ,കാലമറിയാതെ
പോർമേഘമായെന്നിലാ മുഴക്കങ്ങൾ മുകിലുകൾ

നുരയഴിച്ചിട്ട നിലാസാഗരമൊരുക്കിയവൾ
കൊതിയോടേയെൻ മോഹമുണർത്തുമ്പോൾ
രാസലീലാലഹരിയാം കൈതവം, കണ്ണിൽ
ഉറക്കമൊഴിച്ചീറൻ ചുമടുകൾ താങ്ങുന്നു കാലവും

പുലരിയിലൊരുലാസ്യഭാവം തിരയുന്നതേത് മോഹം
ചിറകുവിരിച്ച മരുതമുണർത്തിയതുമതേ രാഗം
രതിപുണർന്ന കൃഷ്ണപക്ഷങ്ങളിലൊക്കെയും മദം‌-
പൂണ്ട ആത്മരാഗങ്ങളിലാകെയും നാഭിയുടച്ച നാളങ്ങൾ

സായകമൊഴിഞ്ഞൊരാവനാഴിയിൽ തുടിയുണർന്ന്
മരണകോശമുടച്ചറിഞ്ഞ കുന്തമുനകൾ മാത്രം
തീർത്തും തീരാത്ത മോഹങ്ങളുലയൂതിയുണർന്ന
കറുത്ത ബലിക്കാക്കകൾ പറന്നിറങ്ങുന്നു നെഞ്ചിലും

ബന്ധങ്ങളിൽ അരുണം കലർത്തിനിന്നാടുവാൻ,
എനിക്കാവില്ല കപടമുഖം ചേർത്തവൻ ഞാൻ
പ്രണയമൊരുക്കിയ മഷിക്കൂട്ടിനുള്ളിൽ ശുഷ്ക്കിച്ച
വിരലുകൾ ചേർത്ത് മരവിച്ച ഹൃദയം തേടുന്നു

വീണ്ടുമൊരു ഗർഭമായുണരുവാൻ അഗ്നിതേടുന്ന
വൃത്തനിബദ്ധമൊരു കവിതയിലുലയൂട്ടുവാൻ
ജീവാക്ഷരം പെറുക്കിവച്ചായിരം നന്മയൂട്ടാൻ
സ്വച്ഛന്ദമൊരു നദിയായൊഴുകുവാൻ ഭഗീരഥി തേടുന്നു..
............................................................................................

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

അട (കവിത)

അട....

അടയിടയിലൊരടയിലൊരടയിരിക്കും..
അടയായിരുന്നില്ലയിന്നീയടതാനൊരടയും
അടചവക്കാതിരിന്നോരടതന്നിടയിലിറങ്ങും
അടവച്ചോരടതനാരംഭം അടതന്നല്ലയോരട


അടയുമുടലടയും ആർക്കുമേതില്ലൊരിലയടയും
മധുരമാമമടയുമൊരുടലിടയുമടയാ കൺ‌കളും
ഇടവിടാമിടയുമാറിടവുമതുമൊരടയുമെങ്കിലും
രുചിപ്പതില്ലൊരീയടതന്നുടയുമധുവിടയുംഅടതന്നെ

......................................................................................... 

പ്രതീക്ഷ (കവിത)

പ്രതീക്ഷ.....

ഓടിയെത്താനാകാഞ്ഞതെന്തേ സമയമേ,
അതോ കാത്തുനിൽക്കാൻ മനസ്സാകാതെയോ..
ഒരുവേളയവൾക്കുമറിയാനാകു‌മായിരുന്നോ
എന്റ പാദങ്ങളവളെ എന്നും പിന്തുടരുമെന്ന്
ഓർമ്മകളേ കുടഞ്ഞെറിയണമെന്നുണ്ട്,പക്ഷെ
എന്നിൽ കുത്തിയിറക്കിയ ആ നഖമുനകളിൽ
പ്രണയമെന്നുമൊരു മായാജാലക്കാരനായിരുന്നു
അവൾക്ക് മനസ് വരാഞ്ഞതോ തിരികെനടക്കാൻ,
അറിയില്ല,പു‌കമഞ്ഞിനുള്ളിലേക്ക് മറയുന്ന
രണ്ട് പാളങ്ങൾ മാത്രം കാണുകയാണ് നീളേ
ഒരുപക്ഷെ ഞങ്ങളായിരിക്കുമോ..?
ആവാതിരിക്കട്ടേ കാരണം പിന്നെയുള്ളത്
ഒരു പ്രതീക്ഷയാണ്...എന്നെങ്കിലും കാണാം,
എന്നൊരു പ്രതീക്ഷ..ഒരുപക്ഷെ പ്രതീക്ഷ മാത്രം...........!!!

വേദന (കവിത)

വേദന.......

നിനക്കും എനിക്കുമിടയിലെത്രദൂരം
കടൽ പരപ്പോളം ചിലപ്പോൾ
ചിലപ്പോൾ നൂലിഴയോളം...
മരുന്നു മണക്കുന്ന വരണ്ട
കാറ്റിനുമപ്പുറം നിന്നിലെ മൗനം വികൃതമാകുന്നു
തിളക്കമറ്റ കണ്ണുകളിൽ വരും ദീനത....
ഉദരം ചൂഴ്ന്നിറങ്ങും ദണ്ഡനം നിൻ വിശപ്പാകുന്നു
മദം പൂണ്ടൊളിച്ച നിൻ നിറകൂന്തളം
തരിശായൊരു വടുവൊഴിയാതലയോട്ടിമാത്രം
ഒട്ടിയ കവിളുകളിൽ കറുത്തുണങ്ങിയ
ലവണരസം എന്നിലെ അഗ്നിയായിറങ്ങുന്നു
വേദനയുണങ്ങാത്ത രാവുകളൊഴിയാനിനി,
നിനക്കു കേഴാനൊരു മൃത്യുപോലും ബാക്കിയില്ല....

മരയാണി (കവിത)

മരയാണി..

കൂലിക്കു കാമം തിളക്കുന്ന ചുടലപ്പറമ്പുകൾ
വെള്ളിവിളക്കുകൾ ചൂഴ്ന്നിറങ്ങും
വെട്ടത്തിൽ ചിരിച്ചും വിളറിയ കറുപ്പിൽ
സംഹാരമാടിയും തിമിർക്കുന്ന തൃഷ്ണകൾ

വിരലാൽ ഉഴിയാനൊരു ബന്ധവും തികയാത്ത
പുരുഷ കാമങ്ങളിൽ അഞ്ചും അറുപതും ഏകം.
ചിതറും കണ്ണാടികൾ, വിളറിയ
ഗദ്ഗദങ്ങളാകുന്നു കന്യകാത്വങ്ങൾ
എവിടെ എന്നറിയാത്ത രക്ഷനേടാൻ
ഇടം വലം കണ്ണുചുഴറ്റി ഇരുട്ടിൽ തപ്പുന്നു

കുരുട് ചുമക്കും കൂർത്ത മുഴക്കങ്ങളിൽ
വിലപേശി വീണ്ടുമുടയ്ക്കുന്ന കുരുന്നു നിലവിളികൾ.
ഒടിഞ്ഞുനിലമടിഞ്ഞ മരക്കുരിശ്ശിന്നരുകിൽ
നെഞ്ചുതുരന്നുവീണ ശൂന്യതയുടെ
പൊട്ടിയൊരു ഹൃദയത്തുണ്ട് മാത്രം
വളുത്ത വസ്ത്രത്തിനുള്ളിൽ കറുത്ത ഹൃദയങ്ങളാൽ
ചുമരിലേക്ക് വീണ്ടും ആണിയടിച്ചുകയറ്റുന്നു
പകുതിയൊടിഞ്ഞ പഴയ മരക്കുരിശ്...
*********************************

രാധാമാധവം (കവിത)

രാധാമാധവം
ഒരിക്കലവളെന്റെ
പുറം ചാരിയിരുന്നവൾ,
കാമസായകങ്ങളാലെൻ
ഏകചര്യം കവർന്നു നീ
എൻ‌മെയ്‌കറുപ്പിൽ
ചുവന്നചുണ്ടുകൾ പതിച്ച്,
കൺകളിലൂതിയെൻ
മയില്പീലിയഴിച്ചുവച്ചു...

മെതിയടിയഴിച്ചൊതുക്കി
നിൻ നാഭിയുമേകി,
പീതാംബരമുലച്ചെൻ
വേണുവും കവർന്നെടുത്തു...

പരിഭവപ്പാടുകളാലെന്നെ
പരിരംഭണം ചെയ്തവൾ,
പട്ടുമെത്തയിലെന്റെ
അഗ്നിയുമുടച്ചെറിഞ്ഞു..

ഉഷ്ണം തോർന്നരാത്രിയിൽ
പാതിമയക്കമുണർന്ന്,
വിരലുകൾ പരതിയുണർന്ന
ഇരുൾയാമങ്ങളിൽ
ഒഴിഞ്ഞുപോയൊരാ കുളിർ
മാരുതനുണർന്നനേരം
ഇന്ദ്രിയങ്ങളിൽ പൂത്തത്
വനമുല്ലതൻ ഗന്ധം മാത്രം..
*************************



2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

മുഖപുസ്തകം (കവിത)

മുഖപുസ്തകം

പുതുപുലരിയിൽ സൗഹ്രുദമൂട്ടുവാൻ
കൂട്ടായിരിപ്പവർ... വേദന,
മറുവാക്കോതിയണക്കുവോർ
കഥയായ് കവിതയായ് ആത്മ-
നൊമ്പരങ്ങളിലൂഴം തിരഞ്ഞ്
കണ്ണീരിൽ പുഞ്ച്ചിരിപ്പൂക്കൾ
വിരിയിക്കും നിറസൗഹൃദങ്ങൾ

ഇണങ്ങിയും പിണങ്ങിയും തല്ലിയും
തങ്ങളിൽ സ്നേഹമുണർത്തുവോർ
ഇവിടെയീ പുസ്തകത്താളുകളിൽ
ആരുമറിയാമുഖങ്ങളിൽ തേടിയും
പുഞ്ചിരിയാലൊരായിരം നിറങ്ങൾ
ക്ഷേമമായ് ഹൃദയം തുറക്കുന്നവർ

ആരുനീയെന്നു ചോദ്യമുണരുമ്പോൾ
ഒന്നുപകച്ചും പിന്നൊന്നു ചിരിച്ചും
എന്റെ കവിതയിൽ നിൻ
ഇഷ്ടം ചേർക്കാമോ,മറുവാക്കുനല്കുമോ
എന്നുചോദിക്കാൻ തുടിക്കും
ഹൃദയമേന്തും അക്ഷരമൊരുക്കുവോർ

ചിലപ്പോൾ പൂത്തും തളിർത്തും
പ്രണയവും വിരിയുന്നു, കൊഴിയുന്നു
പരിഭവപ്പാടുകളിനീണം തിരക്കുന്ന
വിരഹാർദ്രമീറൻ നിലാവും

ചതിയൂട്ടിയകൺകളിൽതൊടുത്തും
വിടരും ചിരികളിൽ, വർണ്ണങ്ങളിൽ
പേർത്തുംതിരഞ്ഞും ബലിചരങ്ങളും
ആരുമറീയാതെ ഒഴുകുകയാണ്‌

ഒടുവിലൊരു വാല്ക്കഷ്ണമുരുവിടുന്നു
മോഹമുണർത്തി സിരകളിലേറ്റി,
സ്നേഹമായ് കൊടുത്തതൊക്കെയും
തിരികെവേണമെന്ന് നിനയ്ക്കാതിരിക്കാം...
**********************************