എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, മേയ് 30, തിങ്കളാഴ്‌ച

ബലിമൃഗം (കവിത)

ബലിമൃഗം.

തിളങ്ങും പിച്ചളത്തളയിട്ട്, കറുത്ത കാതലുറപ്പിച്ച-
കത്തിയിൽ, വെളുത്ത്‌ വിളറിയ വിരൽപ്പാടുകൾ
തണുത്തുറഞ്ഞ കാഴ്ചകളിൽ, ചിരിമരവിച്ച-
കണ്ണുകളിൽ, കറുത്ത ചോരയിറ്റും മരമുട്ടികൾ
എനിക്കുമുന്നമേ ഒഴുകിയവരെ കണ്ടു, വീണ്ടും,
എനിക്കുശേഷവും ഉതിരമൊഴുക്കേണ്ടുവോർ നില്പൂ
ചൂലം പകുത്ത്‌ കണ്ഠംകുറുകിയ കയർപ്പാടുകളിൽ,
ചുവപ്പ്‌ പൊടിഞ്ഞുണങ്ങിയ തിണർത്തനേരുകൾ

ഉച്ചതിളച്ചോരു ആഗാരം, എനിക്കു ചുറ്റും നിരന്ന,
ഊഴം തിരക്കി ബലിച്ചോറു വിളമ്പിയ നിഴല്പാടുകൾ
പൊട്ടിയടർന്ന നഖരങ്ങളിൽ, ഈച്ചയാർത്ത,
വ്രണപ്പാടുകളിൽ, അഗ്നി ശമനമിലാതെ വിങ്ങുന്നു
ഞാനെന്താണ്‌? ആർക്കാണെൻ ചത്തകരളുതുരന്നു-
തിന്നേണ്ടത്‌, ചുടലചുട്ടെടുത്ത തലയോട്ടിയും?
ഒരുവാതിലപ്പുറം കണ്ഠം മുറിച്ചെറിഞ്ഞൊരു ജീവൻ,
കൂർത്തമുനകളാൽ കുത്തിയതെന്റെ സിരകളിൽ

ദുഃഖങ്ങളില്ലാ കരച്ചിലില്ലാ, ഞങ്ങൾ നോവും,
പ്രാണനും ചിറകേറ്റിയ സ്മൃതിയറ്റ ബലിമൃഗങ്ങൾ
ആർക്കോവേണ്ടി ഭക്ഷണ തളികയിൽ കരിഞ്ഞും,
കരിയാതെയും പലരാൽ ഉന്മാദമേറ്റുവാങ്ങുവോർ
നുരയുന്ന ചഷകങ്ങളിൽ ഉണരുംമദങ്ങളിൽ ,
കാമം നിലതെറ്റിയാടുന്ന കാൽകുഴയും നഗ്നതകൾ
തുറിച്ചൊരെൻ കണ്ണുകളിൽ കൊത്തിവലിക്കുന്ന,
വ്യംശകമൊരു പെൺബാല്യത്തിൻ ദീനനിഴലാട്ടം

തുകൽചാട്ട പുളഞ്ഞുവീണ പുറം വേദനയിൽ,
നില്ക്കയാണ്‌ മൂകം ഞാനൊരു മുളംതണ്ട്‌ ചാരി
നാൽകാലിൽ ബലിച്ചുമട്‌ താങ്ങിയോനെങ്കിലും,
ഇരുകാലിയാം ബലിമൃഗം അകമേ കാഴ്ച്ചയിൽ
എനിക്കായ്‌ പൊട്ടും കണ്ണീരിൻ ഉറവയില്ലെങ്കിലും,
ദൃശികറുത്തൊരെൻ കൺതടം ലവണം കനക്കുന്നു
എന്തുഞാൻ ചേയ്യേണ്ടൂ, ഒരുനാൾ കന്ധരം നീട്ടുവാൻ,
കുംഭിവേവാറ്റുവാൻ നാളുകുറിച്ചോരു ജാതകൻ
ഞാനത്രേ നിന്റെ ലഹരിയുയർത്തും ഉദരവാഹിനി,
ഞാൻതന്നെ നിൻചോരതിളയ്ക്കും അഗ്നിബീജവും

ജീവനുടയ്ക്കാൻ ചാണയുരയ്ക്കും ധൃതമുഴക്കങ്ങൾ,
അടുക്കുന്ന ചുവടുകളിൽ,വിരലുകളിൽ..... എങ്കിലും,
ഊഴം തികഞ്ഞൊരെൻ ജീവനിൽ, സ്വപ്നങ്ങളറുത്ത്‌
പൗരുഷമുടച്ചെറിഞ്ഞൊരു ബാല്ല്യം രോദനമാകുന്നു
ആത്മാവിലൂറുന്ന നോവും വിലാപവും ചിതയാക്കിയ
രാവുകളിൽ ധർമ്മം ഉയിർകൊള്ളാൻ വൃഥാ മോഹിപ്പൂ

അന്നമൂട്ടും കൈകളിൽ,പുണരും മാതൃനാളങ്ങളുമറുത്ത്‌,
കാതുകുളിരുന്ന പ്രണയനങ്ങളിൽ സുഖം തേടുവോർ
രതിയുണർന്ന രാഗമേഘങ്ങളിൽ, തേടിയ പ്രാണനും,
ചിതറിയുടഞ്ഞ്‌ ജരായുക്കളിൽ പൊട്ടിയൊഴുകുകയാണ്‌
ഒടുവിൽ തെരുവുപൂകുന്ന ഇരുണ്ട രൂപങ്ങളിൽ കാശ്,
തിരഞ്ഞ ജന്മാമാകുമ്പോൾ, നിറമേനിയിൽ പൊതിഞ്ഞ,
അഹങ്കാരമുരുക്കൊണ്ട മോഹനരൂപത്താൽ കാലം,
തുടരെഴുത്താകുന്നത്‌ ദേവദാസിയാം വാസവദത്തയും


******************************************************

2 അഭിപ്രായങ്ങൾ:

  1. ഇനിയും തൂലികയില്‍ മഷി നിറയട്ടെ
    സമൂഹം അത് ഏറ്റുചൊല്ലട്ടെ
    ബെലികല്ലുകള്‍ മാറ്റ്പ്പെടട്ടെ
    കാമക്കഴുകന്‍മാര്‍ ചിറകടിക്കാതാവട്ടെ....................

    മറുപടിഇല്ലാതാക്കൂ
  2. നന്ദി രതീഷ്...അതുതന്നെ ഞാനും ആഗ്രഹിക്കുന്നു......മാറ്റങ്ങൾ ഉണ്ടാകേണ്ടത് നമ്മുടെ മനസിലാകണം...നമ്മുടേതന്നെ മലീമസമായ മനസ്സിന്റെ ബാലാരിഷ്ടതകൾ പലതും നാം തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.....എങ്കിലും പ്രതീക്ഷവയ്ക്കുക ഒരു നല്ല നാളേയ്ക്കുവേണ്ടി........സന്തോഷം സ്നേഹിതാ......

    മറുപടിഇല്ലാതാക്കൂ