എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, മേയ് 6, വെള്ളിയാഴ്‌ച

പുനർജ്ജന്മം (കവിത)

പുനർജ്ജന്മം.

ഞാനൊരു ബീജം, കത്തിയമരുന്ന-
പട്ടടനോക്കിയിരിപ്പൂ...
കനലടങ്ങിയ പഞ്ചരം കാറ്റിൽ
പൊട്ടിയുണരുന്ന നാദം

മഴയിലുണർന്നൊഴുകിഞാൻ
വെൺ ഭസ്മധൂളികൾ
തടം പൊട്ടിപ്പരന്നിറങ്ങിയ-
തായ് വേരുകളിൽ

ഉദിച്ചുണർന്നൊഴുകുകയാണൊരാ,
മദമുണർന്ന പരാഗങ്ങളിൽ
വീണ്ടുമൊരു മാങ്കനിയായ ജന്മം,
ഞെട്ടറ്റുവീണ്ടും ജഠരം പുല്കയും

മാറുന്നു ഞാനെൻ പരിണാമചക്രങ്ങളിൽ,
വീണ്ടുമൊരു ബീജമായ്...
ഭ്രൂണം തിരഞ്ഞ കാത്തിരിപ്പിൽ,
നിയോഗമാർന്നവൻ

ഋതുഭേദങ്ങളിൽ പാവുനെയ്തെടുത്ത്,
തളിർത്ത മോഹങ്ങളില്കൊണ്ട്
മരണമുൾക്കൊണ്ടൊരു മർത്ത്യനായ്,
വീണ്ടും പിറവിയായവൻ...

പിച്ചനടക്കുമീ ജന്മകർമ്മങ്ങളിൽ,
മനമുണർത്തിയ പഥികനായ്
ശംഖനാദിയായൊരാദിസ്മൃതികളിൽ
ജനുസ്സുണർന്ന് വീണ്ടുമെന്റെ പട്ടട തിരയുന്നു....

1 അഭിപ്രായം: