എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ഞാൻ കണ്ട പ്രണയം..

"ഞാനൊരു പ്രണയം കാണുകയായിരുന്നു...."
         ഞാനൊരു അവിശ്വസനീയമായ പ്രണയം കാണുകയായിരുന്നു.പക്ഷെ അവർ പ്രണയിതാക്കളല്ലായിരുന്നു,ഒരു വിവാഹാലോചനയിലൂടെ പരിചയിക്കുന്നു,തികച്ചും സാധാരണമായ ഒരു അന്തരീക്ഷം,വിവാഹനിശ്ചയവും കഴിഞ്ഞു,ബാക്കിയായ മംഗളകാര്യങ്ങൾക്കായി ഇരുവശവും തിരക്കു തന്നെ.വളരെ അവിചാരിതമായ ഒരു സംഭവം പെൺകുട്ടിക്ക് വലിയൊരു ബസ്സപകടത്തിൽ അരക്കുതാഴേയ്ക്കുള്ളഭാഗം തളർന്നു കിടപ്പിലായിരിക്കുന്നു,തീരുമാനങ്ങൾ മാറ്റി മറിയപ്പെടുന്നു സ്വാഭാവികമായ പ്രതികരണം...പെൺ വീട്ടുകാരും ഉൾക്കൊള്ളുന്നു അവസ്ഥയെ,കൂടെ അവളും, ചിറകുമുളച്ച തന്റെ സ്വപ്ങ്ങൾ വളരെപെട്ടെന്ന് കത്തികരിഞ്ഞുവീഴുന്നത് നിസ്സഹായതയോടെ കണ്ടുനില്ക്കാനേ അവൾക്കായുള്ളു....എല്ലാ തീരുമാനങ്ങളും മാറ്റിമറിക്കപ്പെട്ടപ്പോൾ നിശ്ശബ്ദമായൊരു തേങ്ങൽ ആരും കേട്ടില്ല,ആ തേങ്ങലിൽ ഒരു ഉദാത്തമായ തീരുമാനം പിറവിയെടുത്തു....നിശ്ചയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാനുള്ള ഒരു യുവാവിന്റെ മനസ്സിന്റെ സ്ഥൈര്യത. അവിടെ ഒരു പ്രണയം ആരംഭിക്കുകയായിരുന്നു,എല്ലാവരും നിരുത്സാഹപ്പെടുത്തി,ഇരുവീട്ടുകാരും....കുറ്റപ്പെടുത്തലുകൾ,ഒറ്റപ്പെടുത്തലുകൾ,എങ്കിലും അവന്റെ തീരുമാനത്തെ മറികടക്കാൻ പോന്നതായിരുന്നില്ല അവയൊന്നും.‘വിവാഹത്തിനുശേഷമായിരുന്നു ഇത്‌ സംഭവിച്ചതെങ്കിൽ ഞാൻ സ്വീകരിക്കേണ്ടതുതന്നെയല്ലേ ഈ നിയോഗം’ എന്ന ഒരു മറുപടിയായിരുന്നു അവൻ എല്ലാവർക്കും നല്കിയിരുന്നത്. പെൺകുട്ടിയും പറഞ്ഞുനോക്കി പക്ഷേ അവന്‌ മാറ്റമില്ലായിരുന്നു.സ്വന്തക്കാരും ബന്ധുക്കളും തള്ളിയിറക്കിയപ്പോൾ അന്നമൂട്ടാൻ ഒരു ജോലിയുണ്ടായിരുന്നത് തുണയായി,എല്ലവരുമുണ്ടായിരുന്നിടത്തുനിന്നും ആരുമില്ലാത്ത അവസ്ഥയിൽ തന്റെ കൈപിടിച്ച പുരുഷന്റെ വിരലുകൾ കോർത്തുപിടിച്ച് അവൾ പകുതി നിശ്ചലമായ തന്റെ ശരീരത്തിനെ അവന്റെ ഹൃദയത്തോട് ചേർത്തുവെച്ചു.സഹകരിക്കാൻ തയ്യാറാകാത്ത അല്ലെങ്കിൽ സ്വന്തം വീട്ടിൽ താനില്ലാത്ത അവസ്ഥയിൽ തീഷ്ണമായ കൺ വെട്ടങ്ങളീൽനിനും അവളെ തികച്ചും സ്വതന്ത്രമാക്കാൻ അവൻ ജോലിസ്ഥലത്തിനടുത്തൊരു വീട് വാടകക്കെടുത്ത് തന്റെ ഭാര്യയെ ജോലികഴിഞ്ഞുള്ള ഒഴിവുസമയങ്ങൾ സദാ ശുശ്രൂഷിക്കുന്നു.ആ ശുശ്രൂഷയിൽ പതുക്കെ തന്റെ ജീവിതത്തിൽ ഒരിക്കല്കൂടി പിച്ചവച്ചുതുടങ്ങിയ ആ പെൺകുട്ടി താൻ ജീവിതത്തിൽ ഇപ്പോഴത്തെ ഓരോ നിമിഷത്തിലും അനുഭവിക്കുന്ന സ്നേഹം,പരിലാളന
,പരിഗണന,ഇവക്കെല്ലാം കാരണക്കാരനായ തന്റെ ഭർത്താവിന്റെ ദീർഘായുസ്സിനുവേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു..........ആ യുവാവിൽ  സാധാരണനായ ഒരു മനുഷ്യനെ കാണാൻ എനിക്കു കഴിയുന്നില്ല,ദൈവത്തിന്റെ സ്വന്തം കയ്യൊപ്പുപതിഞ്ഞ ആ മനുഷ്യന്റെ മനസ്സിന്‌ ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.പ്രണയം അതിന്റെ ഏറ്റവും ഉദാത്തമായ മാതൃക നമുക്കു മുൻപിൽ തുറന്നു കാണിക്കുകയാണ്‌ ഇവിടെ....ആ ദമ്പതികൾക്കു ഉറവവറ്റാത്ത  പ്രണയത്തിന്റെ ജീവിതസ്പർശങ്ങളായ അനുഭവസാക്ഷ്യങ്ങൾക്ക് ഈ പ്രകൃതിയും പ്രപഞ്ചവും തുണയായിരിക്കട്ടെ എന്നു ആഗ്രഹിക്കുകയാണ്‌....നന്മകൾ നേരുന്നു....
ശരീരത്തെ പ്രണയിക്കുന്നവർക്ക് ഒരിക്കലും ഒരു ശരീരത്തിൽ തൃപ്തിയടയാനാകില്ല,പുതിയ പുതിയ ആരാമങ്ങളെലക്ഷ്യമാക്കി അവർ തങ്ങളുടെ യാത്രകളിൽ വാതോരാതെ വർണ്ണങ്ങൾ വാരി വിതറുന്ന പ്രണയത്തിന്റെ മാസ്മരികതയെപറ്റി സങ്കല്പങ്ങൾ മെനഞ്ഞുകൊണ്ടേയിരിക്കും....

7 അഭിപ്രായങ്ങൾ:

  1. അനുരാഗം ദിവ്യമാണെങ്കില്‍, രണ്ട്‌ ആയിരുന്നത്‌ ഒന്നു മാത്രമായി പരിണമിക്കുന്ന, അതെ, പരിണയിക്കുന്ന അനുരാഗം തിരിച്ചറിയാനുള്ള സന്മനസ്സുള്ളവര്‍ ഈ കഥ വായിക്കട്ടെ.
    സാക്ഷാല്‍ പ്രേമം കൊണ്ടുമാത്രം കൊരുത്ത പുഷ്പഹാരം വരണമാല്യമാക്കി, തന്നെ വരിച്ചവളുടെ ചലനമറ്റ പാദങ്ങളില്‍ അണിയിച്ച പുരുഷന്റെ ജ്വലിക്കുന്ന പവിത്രതയുടെ തീനാമ്പില്‍ എരിഞ്ഞൊടുങ്ങുന്ന വെറും ഈയ്യാംപാറ്റകളാണ്‌, അന്തസ്സും ആഭിജാത്യവും അഹന്തയും കൊമ്പിലേറ്റി നടക്കുന്ന ഈ മനുഷ്യര്‍ എന്ന്‌, കഥാകാരാ, താങ്കള്‍ ഇവിടെ വിളിച്ചു പറയുന്നു.
    പക്ഷെ, പോരാ, ഞങ്ങള്‍ക്ക്‌ വേണ്ടത്‌ ഗര്‍ജ്ജനമാണ്‌. ശബ്ദരഹിതമെങ്കില്‍ പോലും ആ ഗര്‍ജ്ജനം ഞങ്ങളുടെ ഹൃദയങ്ങളില്‍ അനുരണനം സൃഷ്ടിക്കണം. ശൂന്യമായ ഞങ്ങളുടെ മനസിനെ വികാരതരളിതമാക്കണം. എങ്കിലേ, താങ്കളുടെ ദൗത്യം പൂര്‍ണ്ണമാവുകയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  2. എന്ത് വിളിക്കണം ഞാന്‍, ആ സഹോദരനെ..?
    എന്‍റെ ഉള്ളില്‍ ഉയരുന്ന വികാരത്തെ ആവിഷ്കരിക്കാന്‍ എന്നില്‍ മതിയായ വാക്കുകള്‍ ഞാന്‍ പരിചയിച്ച ഭാഷകളിലൊന്നിലുമില്ലാ.
    സ്നേഹം/ഇഷ്ടം/ബഹുമാനം/ആദരവ്/ എല്ലാം യാതൊരു സമ്മര്‍ദ്ദവും കൂടാതെ അനുഭവമാകുന്ന ഒരവസ്ഥ...!!

    ഇതൊരു പുനര്‍വായനയുടെ അവസരമാണ്. തിരുത്തലുകളെ നിരബന്ധിപ്പിക്കുന്ന വിചിന്തനത്തിന്‍റെ നാവ്.

    'നാഥന്‍' അവരുടെ പ്രണയത്തെ ജീവിപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥന..!!
    'പരീക്ഷിത്ത്‌' രാജ്യം വാണിരുന്നു. ഉത്തരയെ കേട്ട ദൈവം ഇവരെയും കേള്‍ക്കട്ടെ..!!

    മറുപടിഇല്ലാതാക്കൂ
  3. എന്റെ മനസ്സിനെ കൊടുങ്കാറ്റിലെന്നപോലെ പ്രക്ഷുബ്ധമാക്കുന്ന വാക്കുകൾ...പ്രിയ സ്നേഹിതരെ......നിങ്ങളുടെ ആകാംഷയിലൂടെ എനിക്കിനിയും നടക്കാനാകണം...എന്റെ പാദങ്ങൾ വിണ്ടുകീറുന്നത് ഞാനറിയുന്നില്ല,സിരകളിൽ അഗ്നിയുണരുന്നതുമാത്രം ഞാനറിയുന്നു ......പ്രണാമങ്ങൾ....

    മറുപടിഇല്ലാതാക്കൂ
  4. അറിഞ്ഞോ അറിയാതേയോ ഞാന്‍ പോലും പലപ്പോഴും വേദനിപ്പിക്കാറുണ്ട് എന്റെ പ്രണയിനിയേ!!അതിലുപരിയായി ഒരു സ്നേഹം അവള്‍ക്ക് ഞാന്‍ നല്‍കുന്നുണ്ടെന്ന
    ഒരു കാഴ്ചപ്പാടുകളാവം എന്നെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും.പക്ഷേ ഇവിടെ
    ഇതു വായിച്ചമുതല്‍ ഞാന്‍ ആ ധാരണ എന്റെ മനസ്സില്‍ നിന്നും പകുത്തുമാറ്റുന്നു.
    ഞാന്‍ ഇതുവരെ അവളെ പ്രണയിച്ചിട്ടില്ല.ഒരു പക്ഷേ അഭിനയിച്ചതാവം.ഇനി
    എനിക്കവളെ പ്രണയിക്കാനാവും അത്മാര്‍ത്ഥതയോടെ.. നന്ദി ,കണ്ണേട്ടാ

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ഇവിടെ ന്നാന്‍ എന്തെഴുതും എന്റ്റെ ദൈവമേ ...വാക്കുകള്‍ മരവിച്ചു നില്‍ക്കുന്നു ..എന്റ്റെ തൊണ്ട വരണ്ടുനങ്ങുന്നു ..ന്നന്‍ എത്രയോ ചെറുതായി ഒന്നുമാല്ലതാകുന്നു .പ്രാര്‍ഥിക്കാനല്ലാതെ മറ്റൊന്നിനും ന്നന്‍ ശക്തയല്ലെന്ന് തിരിച്ചറിയുന്ന നിമിഷം ......പ്രാര്‍ത്ഥിക്കുന്നു നാന്‍ ആ നല്ല മനുഷ്യന്നും ഭാര്യക്കും ജീവിതതിലുടനീളം നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് ...കൂടെ സന്മനസ്സുള്ള ചെറുപ്പക്കാര്‍ ഇനിയും ഉണ്ടാകട്ടെ ഈ ഭൂമിയില്‍ എന്ന് ...ശുഭ പ്രതീക്ഷകളോടെ സോന്നെറ്റ്

    മറുപടിഇല്ലാതാക്കൂ