ചാവു്ഗന്ധം
കാറ്റുമാത്രം മിച്ചംവച്ചു നടന്നകലുന്നൊരെൻ പകലറുതിയിൽ
കരയും,കടലും പകുത്ത് ത്യക്തമൊരേകാന്തജീവനം തേടുകയാണ്
ശരവേഗമാർന്ന് അണയെപ്പിടിച്ച് കാതിൽ ഊതിയകാറ്റിൽ
മരണമുറങ്ങും ഉറഞ്ഞപകയുടെ രക്തം ഗന്ധിക്കയാണ് സിരകൾ
വെയിലുരുക്കിയൊഴിച്ചൊരു അശനിപാതം പോൽ ഋതുക്കളിൽ
പലവുരു മരണം മണിമുഴക്കും കാലത്തിന്റെ കറുത്ത ചിറകടികൾ
ഓടിയടുക്കും ഇരുണ്ട കഴുകിൻ നിഴലുകളിൽ മൃതി ഇഴകെട്ടിയ
കൊഴുത്ത രക്തമുണങ്ങുമൊരായിരം ആയുധാകൃതികൾ
അവർക്കുമുന്നിൽ പിടഞ്ഞുവീഴാൻ നിശ്ചലം വിധിയായിരിപ്പവർ
ഇടവാർന്നുചവയ്ക്കും നെഞ്ചുപിളരുന്ന ദീനധ്വന്യാക്രാന്തങ്ങളിൽ
നിശ്ചേഷ്ടമെൻ പാദംവിയർത്ത് കണ്ണാൽ കൊണ്ട്കൊരുത്തത്
കടയറ്റുവീണുപിടയ്ക്കും ജഠരം തകർന്ന ഗർവ്വദേഹങ്ങളും
ആർത്തിരമ്പും കരളുപൊട്ടുമനവധി നിരാലംബവ്രണിത രോദനങ്ങൾ
കാതുകുത്തിത്തുളയ്ക്കും കൂർത്ത കനൽനാദമായ് ചിതറവെ
ഇരുളുപിളർന്ന്പാഞ്ഞടുക്കും ക്രൗര്യം പിടിചുറ്റിയഖഢ്ഗമമരുമ്പോൾ
ചെന്നിണാർദ്രമീ മൺതരികളിൽ ക്ഷണനജാതകങ്ങളടിയുന്നു
കർമ്മമൊടുങ്ങും ചിത്തമൊഴിഞ്ഞു ചിതറിയ ദേഹശിഖരങ്ങൾ
പകതീർത്ത കലികൊണ്ട കൃതകാല വൈഭവങ്ങളത്രെ
കൺകൾപുകച്ചും രുധിരകുങ്കുമം ചാർത്തി പടമുഴക്കിനീങ്ങാൻ
കണ്ഠമറുത്ത് തുരന്നെടുക്കപ്പെട്ട തലയോട്ടികൾക്കലയുന്നതും നീതന്നെ
മരണം നെഞ്ചോടുചേർക്കപ്പെട്ടൊരാത്മരോദനങ്ങളിൽ പുകയൂതി-
പ്പട്ടടയൊരുക്കാൻ ഒഴിഞ്ഞമടിശ്ശീലയിൽ വിറകുതേടും സഹചരികൾ
നിരനീട്ടിനീങ്ങുമെൻ പാദംതടഞ്ഞ കൃശാകാരമൊരു പൈതലിൻ
കരളുനീറുന്ന നിലവിളിയിൽ ശേഷിച്ച പ്രജ്ഞയുമകലുകയാണ്
പകമൂത്ത് ഉറഞ്ഞുതുള്ളും കറുത്തകോമരനിഴലുകൾക്കപ്പുറം
അടരും സത്യങ്ങളിൽ കരിനീലനാഗങ്ങൾ കാളിയവിഷം തുപ്പുമ്പോൾ,
വന്യമൊരന്ധതയിൽ പലവുരു ആവർത്തിക്കും യമതൃഷ്ണകൾ
നിരയായ് വീണ്ടും ജീവകോശങ്ങളിൽ ശൂലംകുത്തിയാർക്കുന്നു
മതമോ നിലവിട്ടതത്വശാസ്ത്രങ്ങളോ പതിവെച്ചകുഴികളീൽ
ചത്തടിഞ്ഞ് ജീർണ്ണജഡങ്ങളായ്മാറാൻ കർമ്മം പകിടയൊരുക്കുമ്പോൾ
കൺകളറിയാതെ കാണുന്നൊരെൻ ജ്വലനങ്ങളിൽ ഇറ്റു് ജീവനേകാൻ
കരുതിയതെല്ലാം മരണം മണക്കും മനസ്സിന്റെ ച്യവനമൊരു ശിഷ്ടതമാത്രം
.........................................................................................
സഹോദരങ്ങളുടെതന്നെ ഖഡ്ഗമുന തട്ടി പിടഞ്ഞ് ഒടുങ്ങി അളിയുന്ന ജഡത്തിന്റെ ഗന്ധം, എരിയുന്ന അലിവിന്റെ സാമ്പ്രാണിപ്പുക (benzoin-smoke) കൂട്ടി വലിച്ചെടുത്ത്, മനുഷ്യ ജന്മത്താല്‍ കളങ്കപ്പെട്ട, പ്രപഞ്ചത്തിന്റെ തുറന്നിട്ട അന്ധനേത്രങ്ങളിലേക്ക് പരാശക്തി തുപ്പുന്ന ദൃശ്യമാണ്, ഞാനീ കവിത വായിക്കുമ്പോള്‍ ഉള്‍ക്കണ്ണുകൊണ്ട് കാണുന്നത്. ഈ കാഴ്ച, ഞാന്‍ എന്ന വായനക്കരനു നല്‍കിയ താങ്കളുടെ തൂലികയെ പുകഴ്ത്തി, എന്റെ തകര്‍ന്ന പാഴ്‌മുളന്തണ്ടിലൂടെ വീണ്ടും വിളിച്ചു പാടിത്തുടങ്ങുന്നു: 'മയില്‍ പീലി....'
മറുപടിഇല്ലാതാക്കൂനന്ദി സ്നേഹമേ....എന്നെ അറിയിന്നതിലും,എന്റെ കാഴ്ചകളെ ഉൾക്കൊള്ളുന്നതിലും......നന്മകൾ....
മറുപടിഇല്ലാതാക്കൂ