മലയാളം എന്ന വാക്ക് ആരംഭത്തിൽ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അർത്ഥത്തിലാണ് നാം മലയാളഭാഷ എന്ന് പറയാറുള്ളത്; ദേശത്തിന് മലയാളം എന്നും .ഭാഷക്ക് മലയാണ്മ അല്ലെങ്കിൽ മലയായ്‌മ എന്നും ഒരു വിവേചനമുണ്ടായിരുന്നത് ക്രമേണനഷ്ടമായി.ആധുനിക മലയാളത്തിന്റെ ആവിർഭാവത്തോടുകൂടിയാണ് ദേശനാമംതന്നെ ഭാഷക്കും ഉപയോഗിക്കാൻ തുടങ്ങിയത്.അതിനാൽ ഇപ്പോൾ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലർ അർത്ഥം ഗ്രഹിക്കാറുണ്ട്.മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു.തിരുവിതാംകൂർ,കൊച്ചി,മലബാർ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡ്ത്തിനാണ് ഇപ്പോൾ ഇപ്പേർ. നാട്ടുകാരായ തമിഴർ പാണ്ടിക്കും മധുരക്കും പടിഞ്ഞാറു കിടക്കുന്ന മലം പ്രദേശത്തിന് ‘മലനാട്’ എന്നു പേർ പറഞ്ഞുവന്നു.പശ്ചിമഘട്ടം എന്ന പർവ്വതപംങ്ങ്തിയുടെ പടിഞ്ഞാറുവശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കാം . ആര്യാവർത്തത്തിൽനിന്നുതെക്കോട്ടു കടന്നുവന്നവർ ഈ ഭൂമിക്കു് ‘കേരളം’എന്ന് സംജ്ഞചെയ്തു.കേരം എന്നു പറയുന്ന നാളീകേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേർ സൂചിപ്പിക്കുന്നു. ഇതിന്റെ അതിർത്തികൾ “കന്യാകുമാരി മുതൽ ഗോകർണ്ണപര്യന്തം” എന്നാണ് വച്ചിട്ടുള്ളത്. പുരാണസിദ്ധിപ്രകാരം സംസ്കൃതത്തിൽ ഈ ദേശത്തെ “ഭാർഗ്ഗവക്ഷേത്രം” എന്നും വ്യവഹരിക്കാറുണ്ട്. മറുദേശങ്ങളിൽനിനു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയർ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങൾക്കു പൊതുവേ ‘മലബാർ’അല്ലെങ്കിൽ ‘മലിബാർ’ എന്നു പേർ പറഞ്ഞുവന്നു. ഈ വിഭാഗത്തിൽ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാർ തമിഴ്ഭാഷക്കുകൂടി മലബാർ എന്ന പേർ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ ‘ദിമിലികെ’ എന്നാക്കി ഗ്രീക്കുകാർ ഈ നാട്ടിനു പേർ കൊടുത്തിരുന്നു.
“തൊല്കാപ്പിയം” എന്ന തമിഴ്ഗ്രന്ഥപ്രകാരം സംസ്കൃതത്തിൽ ‘കേരളം“ എന്നുപറഞ്ഞുവരുന്ന ’ചേര‘രാജ്യത്തിനു,1.വേണാട്,2.പൂഴിനാട്,3.കർക്കാനാട്,4.ചിതനാട്,5.കുട്ടനാട്,6.കുടനാട്,7.മലയാനാട്..എന്നു ഏഴു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ കുട്ടനാട് എന്ന പേർ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകൾക്കു ഇന്നും പറഞ്ഞുവരുന്നുണ്ട്. ”വേണാട്“ എന്നത് ആദികാലത്ത് ഇടവാമുതൽ തെക്കോട്ട്മാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പേർ ആയിരുന്നു. ഏറെകുറെ ചേര രാജ്യത്തിനുതന്നെ ആണു തമിഴിലെ അർവ്വാചീനഗ്രന്ഥ്കാരന്മാർ ’മലെനാട്‘ അല്ലെങ്കിൽ ’മലെമണ്ഡലം” എന്നു പേരിട്ടത്.ഒരുകാലത്ത് സേലം,കോയം പുത്തൂർ എന്ന ഇപ്പോഴത്തെ രണ്ടുജില്ലകളും ചേരരാജക്കന്മാരുടെ കീഴിലായിരുന്നു.
മലെനാടായ മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു.എന്നാൽ എല്ലാകാലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി,നാടോടിഭ്യാഷ അല്ലെങ്കിൽ വായ്മൊഴി എന്ന് ഒരു വ്യത്യാസം എല്ലാ ജീവിതഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥ്ഭാഷയ്ക്ക് “ചെന്തമിഴ്” എന്നും നാടോടിഭാഷയ്ക്ക് “കൊടുംതമിഴെന്നും” ആണ് തമിഴ് ഗ്രന്ഥകാരന്മാർ പേരിട്ടിരിക്കുന്നത്. പലവക കൊടുംതമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണ് നമ്മുടെ മലയാളമായി തീർന്നത്.ഇപ്പോഴത്തെ നിലയിൽ സംസ്കൃതതിന്റെ മണിയം പലതും മലയാളഭാഷയിൽ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേല്പ്പുരയും ഇന്നും തമിഴ് പ്രതിഷ്ടിച്ചിട്ടുള്ളത് തന്നെയാണ്. വിശേഷവിധികളൊനും ഉള്ളിലേക്കു തട്ടിയിട്ടില്ല.
മലയാളത്തിന്റെ പ്രാഗ്‌രൂപം കൊടുംതമിഴാണെന്നുപറഞ്ഞല്ലോ.ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തിൽ ഉൾപ്പെട്ടതാണെനു തീർച്ചപ്പെടുത്തേണ്ടതുണ്ട്. തമിഴ് ‘ദ്രാവിഡം’ എന്നൊരു പ്രത്യേക കുടുംബത്തിൽ ഉൾപെട്ടഭാഷയാണ്.ആകുടുംബത്തിലെ അംഗങ്ങളെ ഇവിടെ ചേർക്കുന്നു.
1.കർണ്ണാടകം. 2.തമിഴ്,മലയാളം.3.തുളു, കൊടക്, തോഡാ, കോഡാ. 4. കുറുക്, മാൽട്ടോ. 5. ഗോണ്ഡി, ഗോണ്ഡ(കൂയി). 6 തെലുങ്ക്. 7.ബ്രാഹൂയി.