എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

അകവും പുറവും..

സമൂഹത്തിന്റെ പുഴുക്കുത്തുകളേക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരെ ധാരാളം കാണാറുണ്ട്......മതപരമായ കാര്യങ്ങളിൽ, എഴുതിവച്ചിരിക്കുന്ന സദാചാര ചര്യകളിൽ, ദൈവത്തിനോടൂള്ള അമിതമായ ഭക്തിയിൽ, ഭയപ്പാടിൽ പലതും കവല പ്രസംഗമാക്കുന്നവരേയും കാണാറുണ്ട്.......ഒരു വിവാഹം കൊണ്ട് ഒരു കുടുംബത്തിന്റെഅവസ്ഥ സാമ്പത്തികമായും മാനസീകമായും തകർക്കുന്ന വിവാഹാഘോഷങ്ങളിലെ ധൂർത്തുകളെ ഇല്ലാതാക്കാൻ ഒരു ദൈവത്തിന്റെ മക്കൾക്കും താത്പര്യമില്ല...മറിച്ച്, മനുഷ്യത്വവും പാരസ്പര്യവും, കുറച്ചെങ്കിലും ഉൾകാഴ്ച്ചയോടെ മതജാതികുലമഹിമാപതം പറച്ചിലുകൾക്കുമപ്പുറം മനുഷ്യനെ സ്നേഹിക്കുന്ന കുറച്ച് മനുഷ്യർക്കുമാത്രം കൈമുതലാകുന്നു ഇത്തരം വൈശിഷ്ട്യങ്ങൾ......ചില ദൈവീകഗ്രന്ഥങ്ങളിൽ എഴുതിവച്ചിരിക്കുന്നു സ്ത്രീധനം വാങ്ങുന്നതേ പാപമാണു്....അതു അങ്ങോട്ട് കൊടുക്കണം എന്ന്.....ദൈവത്തിനെ സംരക്ഷിക്കാൻ നടക്കുന്ന മനുഷ്യർക്ക് ,സ്വന്തം മകളുടെ വിവാഹത്തിനുവേണ്ടി പൊടിയുന്ന ഒരു പിതാവിന്റെ/മാതാവിന്റെ ഹൃദയരക്തം കാണാനുള്ള കാഴ്ച്ചയില്ല....ഇനി വിവാഹം കഴിഞ്ഞാൽ രക്ഷയുണ്ടോ....അടുക്കളകാണൽ തുടങ്ങി ഇരുപത്തിയെട്ട്, നാല്പ്പത്....മുടി മുറിക്കൽ മുടി വക്കൽ, ചരടു കെട്ടൽ അതഴിക്കൽ...എന്നുവേണ്ടാ ചാവിനും ചാവടിയന്തിരത്തിനും ചത്തുപോയവന്റെ ആണ്ടുബലി അടിയന്തിരത്തിനും ഒക്കെ പെണ്ണിന്റെ വീട്ടുകാരുടെ പങ്ക് പറ്റാൻ ആഗ്രഹിക്കുന്ന തികച്ചും സ്നേഹസമ്പന്നരായ വീട്ടുകാർ......ഇന്നത്തെ സ്വർണ്ണവിലയനുസരിച്ച് ഒരു വിവാഹം നടത്തുന്ന മദ്ധ്യവർത്തികളായ ജീവിത സാഹചര്യമുള്ളവർതൊട്ട് താഴേക്ക് ഒരു കുടുംബത്തിലെ മാതാപിതാക്കൾ ഇനിയൊരിക്കലും മനഃസമാധാനത്തോടേ കിടന്നുറങ്ങാൻ കഴിയാത്തവണ്ണം കടക്കെണിയിലാകുന്നു....ഒരുപക്ഷെ ജീവിതസാഹചര്യങ്ങൾ ഇത്രയൊക്കെ മോശമായതിന്റെയായിരിക്കാം നമ്മൂടേ സമൂഹത്തിലെ പെൺഭ്രൂണഹത്യപോലുള്ള ഗർഭച്ഛിദ്രങ്ങളൂടെ അളവിൽ വന്ന വർധനവ് ഉണ്ടാകാനുള്ള ഒരു പ്രധാനകാരണവും.....മതത്തിന്റേയും ജാതിയുടേയും മേല്ക്കോയ്മ നടിക്കുന്ന ഗർദ്ദപങ്ങൾക്ക് എന്ത് സമൂഹ നീതി....മതത്തിന്റെ പേരിൽ കൊല്ലാനും ചാവാനും നടാക്കുന്ന നരാധമന്മാർക്ക് എന്ത് ധർമ്മം.....രാഷ്ട്രീയ വൈരത്തിന്റെ പകപോക്കലുകളിൽ ജീവൻ പൊലിയുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുന്ന സാധാരണക്കാരനെ നോക്കാൻ അന്ധത ബാധിച്ച രാഷ്ട്രീയക്കോമരങ്ങൾക്കെന്ത് സമൂഹത്തിനോടുള്ള കടമ....ധാർമ്മികത നഷ്ടമായ പൊയ്‌മുഖകുകയാണ്‌ ദൈവം പോലും.....ഒരു പാട് നിയമങ്ങളും ദാർശനീകതത്വങ്ങളും എഴുതി ചുരുട്ടി കക്ഷത്തിൽ കൊണ്ട് നടക്കുന്നു വെളുത്ത ചിരിയിൽ വിഷം പുരട്ടുന്ന മനുഷ്യന്റെ സ്നേഹപ്രകടനങ്ങളെല്ലാം....വലിയ തത്വങ്ങളും മത സംഹിതാജ്ഞാനവുമെല്ലാം വിളമ്പുന്നവരുടെ വിവാഹാഘോഷ പരിപാടികളിൽ ഒന്നു പങ്കെടുക്കുമ്പോഴാണ്‌ ശരിയായ തനിനിറം പുറത്തു വരുന്നത്...ആഡംബരത്തിനും അഹന്തയ്ക്കും മാത്രം സ്ഥാനം നൽകുന്ന ഒരു തരം മാട്ട്ചന്തയിലെ കച്ചവടം..........അതിൽ ആൺ പെൺ വ്യത്യാസമില്ലാതെ പണത്തിനോടും പൊന്നിനോടൂമുള്ള ആർത്തികാണുമ്പോൾ സത്യത്തിൽ അവിടെ കച്ചവടം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ ജീവിതമോർത്ത് സഹതപിക്കാൻ മാത്രമേ കഴിയൂ...അതിനുമപ്പുറം പുറമേ ചിരിച്ചുകൊണ്ട് ഉള്ളിൽ അഗ്നികുണ്ഡങ്ങൾ തിളക്കുന്ന മാതാപിതാക്കളേയും കാണാറുണ്ട്..വളരെ അപൂർവ്വമായി മാത്രം മറിച്ചു സംഭവിക്കുന്നുണ്ടെങ്കിലും.......അത് മനുഷ്യരായിയി കുറച്ചു പേർ സമൂഹത്തിലുണ്ട് എന്ന തോന്നുന്നതിനു കാരണമാകാറുണ്ട്.......എല്ലാം കൊണ്ടും ലാഭം തന്നെ പണത്തിനു പണവും സ്വർണ്ണവും......അതിനുപുറമേ കുറേ അനാചാരങ്ങളൂടേ പേരിൽ പണവും പണ്ടവും വസ്ത്രങ്ങളും ലഭ്യമാക്കാൻ കൂടെയുള്ളവർ വേറേയും നോക്കുന്നു.....പൂച്ച എങ്ങനെ വീണാലും നാലുകാലിൽ എന്നു പറയുന്നതുപോലെയുള്ള ഒരു ലാഭകച്ചവടം തന്നെയാണ്‌ ഇന്നു സമൂഹത്തിലെ വിവാഹാഘോഷ മഹാമഹങ്ങളൊക്കെയും.....ഇല്ലാത്താ സമൂഹപ്രൗഢി നിലനിർത്താനുള്ള മനുഷ്യന്റെ നാണം കെട്ട വ്യഗ്രതയിൽ ഇല്ലാതാകുന്നത് എത്രയെത്ര കുടുംബങ്ങളുടെ ശാന്തിയും സമാധാനവുമാണ്‌.....ആരും സഹതപിക്കേണ്ടാ...പക്ഷെ ഒരു തീരുമാനം ഉള്ളിലെടുക്കാൻ കഴിഞ്ഞാൽ അതുതന്നെ ഏറ്റവും മഹത്തരം..ദൈവത്തിനും മതങ്ങൾക്കും ജാതികുലമഹിമയ്ക്കും അനാചാരങ്ങൾക്കും അന്ധതയ്ക്കും ഒക്കെ അപ്പുറം..ഒരു മനുഷ്യനായി ജീവിക്കാൻ ശ്രമിക്കാം ഇനിയെങ്കിലും എന്ന ബോധം ഉണ്ടായിരുന്നെങ്കിൽ.....??

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

സനാതന ധർമ്മം..

സനാതന ധർമ്മ സംസ്കാരമെന്നത് ലോക സംസ്കാരത്തിന്റെ തറവാടാണെന്ന് പാശ്ചാത്യരടക്കം...(ഇതു നമ്മൾ ഭാരതീയർ പറഞ്ഞാലേ പുച്ഛമുണ്ടാകു)....അന്നും ഇന്നും പറയുകയും ചരിത്രം സാക്ഷിയാകുകയും ചെയ്ത അതി ബൃഹത്തായൊരു സംസ്കാര പൈതൃകത്തിന്റെ വക്താക്കളാകേണ്ട ഹിന്ദുസമൂഹം നിരർത്ഥകമായ അനാചാരങ്ങളുടേയും ബോധക്കേടുകളുടേയും പിടിയിലമർന്ന് എന്താണു തങ്ങൾക്ക് കിട്ടിയ പൈതൃകമായ അറിവുകൾ എന്നതിന്റെ ഒരു തരിപോലും രുചിച്ചു നോക്കാൻ അറിയാത്ത കൂപമണ്ഡൂകങ്ങളായി വളർന്നു വരുന്നു......എങ്ങനെ ലോക ഭാഷയുടേ മാതൃ സ്ഥാനമലങ്കരിക്കുന്ന സംസ്കൃതം ഇന്നു മൃതഭാഷയായി മാറീ....നമുക്ക് നമ്മുടെ പൂർവികരായ ഋഷീശ്വരന്മാർ പകർന്നു നൽകിയ അഭൂതപൂർവമായ അറിവുകളൂടെ സാഗരങ്ങൾ എങ്ങിനെ ഇന്നു ആരുമറീയാതെ പോകുന്നു......ശരിയായ സനാതനധർമ്മ സംസ്കാരവും ശാസ്ത്രീയമായ കാഴ്ച്ചപ്പാടുകളും ഉയർത്തിപ്പിടിച്ചിരുന്നു എങ്കിൽ ഇന്ന് ഈ ലോകത്ത് ഈ ഒരു സംസ്കാരമല്ലാതെ ഉണ്ടാകുമായിരുന്നില്ല......കടന്നു കയറിയോ ബലപ്രയോഗത്തിലൂടേയോ അല്ല അതു സാധ്യമാകുക മറിച്ച് അറിവെന്ന സാധനയിലൂടേ ധർമ്മമെന്ന സംസ്കാരത്തിലൂടെ ഈ ദർശനങ്ങളേ മറികടക്കാൻ ഒരു ചിന്തകൾക്കും ആകില്ലതന്നെ.......ഇന്നെടുത്തു നോക്കു ഏതു ദർശനങ്ങളേയും കുറിച്ചു വാചാലരാകുന്നവർ ആദ്യം നമ്മുടേ സനാതനമായ അറിവുകളിലേക്ക് കടന്നു ചെന്നാൽ അവിടേ കാണാത്തതൊന്നും മറ്റെവിടേയും കാണാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു........ചതുർവേദോപനിഷദുക്കളും ഗീതയും എല്ലാം നമുക്കതാണ് പറഞ്ഞു തരുന്നത്.....ആദിമസംസ്കാരങ്ങളുടേ പട്ടികയിൽ ഈ ലോകത്തു നിലനിന്നിരുന്ന ഏകദേശം 49 മത സംസ്കാരങ്ങളിൽ 48 എണ്ണവും നശിച്ച് നാമാവശേഷമായിട്ടും സനാതനമായി നിലനിൽക്കുന്ന ഏക സംസ്കാരവും ഈ ഭാരതമെന്ന പുണ്യഭൂമിയിലേതാണ്.....മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി വളച്ചൊടിച്ചുണ്ടാക്കുന്ന ക്ഷേത്രാചാരങ്ങളും പൂജാദി കർമ്മങ്ങളും എല്ലാം കടന്നു വരുന്നതുതന്നെ സെമറ്റിക് മതങ്ങളൂടേ കടന്നു വരവോടേയാണ്....അതിനുമുൻപ് യജ്ഞശാലകൾ ക്ഷേത്രങ്ങൾക്ക് വഴിമാറിയപ്പോൾ ഇന്നു കാണുന്ന കച്ചവട സ്ഥാപനങ്ങളായ ഷേത്രങ്ങളല്ല ഉണ്ടായിരുന്നത്.....ഇവിടേ മനുഷ്യനു ജീവിക്കാനുള്ള നിയമമിറക്കുന്ന മനുഷ്യനോളം ചെറുതായ ഈശ്വര സങ്കൽ‌പ്പം ഈ സംസ്കാരത്തിന്റെ ഭാഗമല്ല...മറിച്ച് പരമമായ ബ്രഹ്മചൈതന്യമാണ് ഈ കാണായതൊക്കെയും എന്ന്....ഒരു ആറ്റത്തിനുപോലും ആ ചൈതന്യത്തിൽ നിന്നും മാറാൻ സാധിക്കില്ല എന്ന അറിവിനെ എത്ര ഹിന്ദുക്കൾ മനസ്സിലാക്കി വച്ചിട്ടുണ്ട്........ചെയ്തു കൂട്ടിയ പാപങ്ങളെ കഴുകിക്കളയാനുള്ള ഒരു വഴിയായി മാത്രം ഈശ്വരനെ കാണുന്നു.....അവിടേ ശത്രു സംഹാര പൂജയും, മന്ത്രവാദവും, കുട്ടിച്ചാത്തൻ സേവയും, ശയനപ്രദക്ഷിണവും,ഗരുഡൻ തൂക്കവും, ശൂലം തറക്കലും...എന്നു വേണ്ടാ എണ്ണിയാലൊടുങ്ങാത്ത അനാചാരങ്ങളുടേ ചുമലിലേറി ജീവിക്കാൻ പാടു പെടുന്ന മനുഷ്യൻ......എന്നാൽ സ്വന്തം മനസ്സിനെ , ബോധത്തെ , ഈശ്വരനിലേക്കുയർത്തുകവഴി എല്ലാം ആ ചിതന്യത്തിൽ കുടികൊള്ളുന്നു എന്ന പരമമായ അറിവിനെ സ്വീകരിക്കാനാകാതെ കുങ്കുമം ചുമക്കുന്ന കഴുതകളാകുകയാണ് നമ്മൾ...എന്നിട്ട് മറ്റുള്ളിടങ്ങളിൽ അന്വേഷിക്കുന്നു കുങ്കുമത്തിന്റെ വാസനയെവിടെയെന്ന്.........പരമമായ അറിവിനെ അറിയാനാണ് ശ്രീനാരായണ ഗുരു നമ്മെ പഠിപ്പിച്ചത്.......പരമമായ ബ്രഹ്മത്തെ അറിയാനാണ് ആദിശങ്കരനും പഠിപ്പിച്ചത്....സ്വാമി വിവേകാനന്ദനും ശ്രീരാമ ക്രിഷ്ണ പരമഹംസനും രമണ മഹർഷിയുമെല്ലാം പഠിപ്പിച്ചത് ആ നിത്യചൈതന്യത്തെ അറിയാനായിരുന്നു.....അങ്ങനെ എത്രയെത്ര  ഋഷീശ്വരന്മാർ.......അവരാൽ സമ്പന്നമായ നമ്മൂടേ ഭാരതത്തിന്റെ അവസ്ഥ ഇന്നെന്താണ്......ബ്രാഹ്മണനെന്ന് ഞെളിഞ്ഞ് പൂണൂലും ധരിച്ച് നടക്കുന്നവനോ ബ്രാഹ്മണൻ..?? ബ്രഹ്മജ്ഞാനമറിയാത്തവനെ മനുഷ്യനായി പോലും കണക്കാക്കാൻ കഴിയില്ലെന്നതു തന്നെ സത്യം....ഈ പ്രപഞ്ചത്തിലെ ഏതൊരു അണുവിലും തന്നേയും, തന്നിൽ ഈ പ്രപഞ്ചത്തേയും കാണാൻ നമ്മുടെ അറിവുകൾ പഠിപ്പിക്കുന്നു......ഇന്നതെവിടെ നിൽക്കുന്നു.....കുറേ കപട ജ്യോതിഷികൾക്കും, പൂജാരിമാർക്കും, ക്ഷേത്ര ഭരണസമിതിയംഗങ്ങൽക്കും സുഖലോലുപരായി കഴിയാനുള്ള മേലനങ്ങാതെ ധനസമ്പാദനത്തിനുള്ള വഴിമാത്രമാണ് ഇന്നത്തെ ക്ഷേത്രങ്ങളും ആചാരങ്ങളും......ഈശ്വരനെ കാണാനും സങ്കടങ്ങൾ ബോധിപ്പിക്കാനും വിലവിവരപ്പട്ടിക ഒരുക്കി വച്ചിരിക്കുന്ന പുണ്യസങ്കേതങ്ങളാണ് ക്ഷേത്രങ്ങൾ.......“ഞാനെന്ന ബോധം കുടികൊള്ളുന്നത്‌- ഈ ആലയമാണ്‌ ആരാധനീയമായ ഏറ്റവുംവലിയ ആലയം അഥവാ ക്ഷേത്രം. സർവ്വദാ ആ ആലയത്തിലാണ്‌ ഞാനെന്ന പൂർണ്ണദേവൻ കുടികൊള്ളുന്നത്‌ എന്നതുകൊണ്ട്‌, അതിനെ യാതൊരുകേടുപാടുകളുംവരാതെ സൂക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌.“.....ഗുരുക്കന്മാരുടേ വാക്കുകളാണിത്.......സ്വന്തം മനസ്സിനെ ഉയർത്തുക എന്നതുതന്നെയാണ് ഏറ്റവും വലിയ ഭക്തി, ഈശ്വര സാധന എന്ന് നമ്മെ പഠിപ്പിക്കുന്നു.........!!!

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

മരയാണി (കവിത)

മരയാണി..

കൂലിക്കു കാമം തിളക്കുന്ന ചുടലപ്പറമ്പുകൾ
വെള്ളിവിളക്കുകൾ ചൂഴ്ന്നിറങ്ങും
വെട്ടത്തിൽ ചിരിച്ചും വിളറിയ കറുപ്പിൽ
സംഹാരമാടിയും തിമിർക്കുന്ന തൃഷ്ണകൾ

വിരലാൽ ഉഴിയാനൊരു ബന്ധവും തികയാത്ത
പുരുഷ കാമങ്ങളിൽ അഞ്ചും അറുപതും ഏകം.
ചിതറും കണ്ണാടികൾ, വിളറിയ
ഗദ്ഗദങ്ങളാകുന്നു കന്യകാത്വങ്ങൾ
എവിടെ എന്നറിയാത്ത രക്ഷനേടാൻ
ഇടം വലം കണ്ണുചുഴറ്റി ഇരുട്ടിൽ തപ്പുന്നു

കുരുട് ചുമക്കും കൂർത്ത മുഴക്കങ്ങളിൽ
വിലപേശി വീണ്ടുമുടയ്ക്കുന്ന കുരുന്നു നിലവിളികൾ.
ഒടിഞ്ഞുനിലമടിഞ്ഞ മരക്കുരിശ്ശിന്നരുകിൽ
നെഞ്ചുതുരന്നുവീണ ശൂന്യതയുടെ
പൊട്ടിയൊരു ഹൃദയത്തുണ്ട് മാത്രം
വളുത്ത വസ്ത്രത്തിനുള്ളിൽ കറുത്ത ഹൃദയങ്ങളാൽ
ചുമരിലേക്ക് വീണ്ടും ആണിയടിച്ചുകയറ്റുന്നു
പകുതിയൊടിഞ്ഞ പഴയ മരക്കുരിശ്...
**********************************************

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിറച്ചാർത്ത് (കവിത)

നിറച്ചാർത്ത്..

തൊട്ടാവാടിതൻ മൃദുപത്രകങ്ങളേപ്പോൽമൌനം
മന്ദമൊരു നുള്ളിൽ സ്വയമൊതുങ്ങിയും അശ്രു
ഒടുങ്ങാത്ത സ്വപ്നങ്ങളിൽ നീറും മനമിഴച്ച്
നനഞ്ഞ പടവുകളിൽ ജലമുണർത്തി യാത്രയായവൾ

ശലഭങ്ങൾ പൂത്ത കാവുകളിൽ സന്ധ്യയിൽ
കൽവിളക്കിൻ വെൺ ചിമിഴുകളിൽ ആർദ്രമാം
പരാഗമുണർത്തും സൗഗന്ധികം പൂത്തുവോ
തുടിക്കും കൺകളിൽ എഴുതിയ കരിമഷി മാഞ്ഞുവോ

പുലരിയിൽ ഇലത്തുമ്പിലിറ്റിയ വെൺതുളികളെ
ദർഭതുമ്പാൽ രാഗമുണർന്നനിൻ കൺപീലികളിൽ
കുളിരും പ്രണയപരാഗമായ് മെല്ലെ പതിച്ചുവയ്ക്കാൻ
എന്നിലെ മോദമുണർന്നു തുളുമ്പിയതേതു തീഷ്ണാനുരാഗം

ആകാശം ചാരിനിക്കും മുളത്തണ്ടിലീറനുടുത്ത
വെൺമേഘങ്ങളിൽ കാമസായകം തൊടുക്കാൻ
നിറച്ചാർത്തിനീണം പരക്കും അഴകിൻ വില്ലു
കുലച്ചതേതനുരതിതൻ വിടരും മോഹങ്ങളായിരുന്നു

ഇന്നിവിടെ ഒരോർമ്മത്തെറ്റുപൊലെ ഞാനോ
രാവിന്റെ കൈവഴികളൊന്നിൽ ബോധം തിരയുന്നു
ചുവടുകളില്ലാത്ത താളമറ്റ പാദങ്ങളിൽ
ചരണം തിരയുമനുപല്ലവിയാണിന്നെൻ കാഴ്ചകളത്രയും

ഉദരം ഉലയൂതിയുണർത്തുമഗ്നിദ്രവം ഒഴുകിപ്പരക്കുന്ന
സിരകളിലത്രയും പുകയായൂറുമൊരു ചിലങ്ക തൻ നാദം
നെഞ്ചിനുള്ളിൽ കമഴ്ത്തിയ കനമുള്ള വാക്കുകൾ
വാക്കിലൂറിയ വരണ്ടകാറ്റിൽ തുന്നിവച്ച ഹൃദയം പിടയുന്നു

ഇരുളുപരക്കുമീ കാവിൻ മുറ്റത്ത് തിരയുന്നു ഞാൻ
ഫണമുലച്ചൊഴുകിയെത്തും നിൻ കളിത്തോഴനെ
നൂറും പാലുമായ് നീട്ടി നിന്നിലെ സ്നേഹമൂട്ടിയവൻ
ഇരുളിൽ തിളങ്ങും പല്ലുകൾ അവയെൻ പാദം തിരയുന്നു

********************************************