മദദ്രവതാളങ്ങൾ.........
വാക്കിനാൽ കരൾ കടഞ്ഞ് കുത്തിയെടുക്കുകയാണ് നൊമ്പരം
കണ്ടിരിക്കവെ കണ്ണിൻ നിറം മാറിയ രക്തസ്വാനം
എപ്പഴോ വീശിയ മദം മണത്ത മാരുതം ചുറ്റിയുഴിഞ്ഞ്
ചെവിയിലേക്കു ചുടുകാറ്റൂതി ഞാനാ കണ്ണു നിറച്ചവൻ
കൈകൂപ്പിയെൻ നെഞ്ചുതൊട്ടു കേണുവല്ലോ അവൾ
കഴിയാഞ്ഞതെന്തേ വിറയാർന്ന ഹൃദയത്തിൻ തേങ്ങൽ കേല്ക്കാൻ
കത്തിപ്പടർന്ന കാമം തിമിരമായൂതിയതാണെന്റെ വെളുപ്പിനെ
ചുരമാന്തിയുണർന്നൊഴുകിയതെല്ലാം മദദ്രവതാളങ്ങൾ
വസന്തമായ് വിരിഞ്ഞുനിന്ന പ്രണയം ഒരു മാത്ര നിറമടർന്ന്
കല്മഷഗന്ധം വിടർത്തിയ നരപിടിച്ച കറുത്തബോധമായി
കാറ്റുണരാത്ത രാവിൻ നിശ്ശബ്ദതത മാത്രമായ് അവളിൽ
രാഗമൊഴിഞ്ഞു ചിതറിയ തംബുരുവിന്റെ ചിലമ്പിച്ച സ്വരം മാത്രം
തിരിച്ചെടുക്കാനാകില്ലെൻ തിളച്ചവാക്കുകൾ ഗതിയറ്റ വീർപ്പുകൾ
കണ്ണുകൾ കോർത്തുപിടിക്കാനാകാതെ താഴെ നിലം പരതുന്നു
മറുവാക്കു ചൊല്ലാൻ അക്ഷരങ്ങൾ പരതുന്ന ചുണ്ടുകളിൽ വരണ്ട,
ഉപ്പുകാറ്റ് കരുവാളിച്ച വികൃതമായ മുഴക്കങ്ങൾ മാത്രം നിറയുന്നു
എങ്കിലും അറിവു പരന്ന ബോധം പിടയുമ്പോൾ, വയ്യ,
ഇനിയെനിക്കാ പൊള്ളുന്ന നെഞ്ചിലൊരിറ്റു സ്നേഹം നിറക്കണം
എന്നിലെ പ്രണയം നീയായിരുന്നെന്ന ക്ഷമയുണർത്താൻ
പിരിയാതിരിക്കാൻ, മിഴികളിൽ മൗനമാം നിൻ സ്നേഹം കവരണം
തരിക നിൻ കാറ്റടർന്ന മൗനം തിരക്കുന്ന ഹൃദയസ്പന്ദനങ്ങൾ
തരിക നിൻ കലങ്ങിയ കൺകോണിലൂറുന്ന അശ്രുകണങ്ങൾ
പകരം നല്ക്കാം എന്റെ പ്രണയമുണർന്ന പുലരികൾ, സന്ധ്യകളും
സിരകളിൽ പൂക്കുമൊരു ചെമ്പനീർപൂവായ് നിന്നിലേക്കൊഴുകുന്നു ഞാൻ മടക്കമില്ലാതെ...
****************************** ***********************************